സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം; ഉന്നതരും വൈദീകരും കോടികള്‍ അടിച്ചുമാറ്റി; കോടികളിട്ടമ്മാനമാടുന്ന ബിസിനസില്‍ പങ്കാളികളായി അച്ചന്‍മാരും

കൊച്ചി: സീറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി കുംഭകോണത്തിന് പിന്നില്‍ കര്‍ദ്ദിനാളിനൊപ്പം വിശ്വസ്തരായ വൈദീകരും. തനിക്ക് പറ്റിയ സാങ്കേതിക പിഴവായി പരിഗണിക്കണമെന്നഭ്യര്‍ത്ഥിച്ചാണ് കര്‍ദ്ദിനാള്‍ തെറ്റ് ഏറ്റ് മാപ്പുപറഞ്ഞെങ്കിലും വരു ദിവസങ്ങളില്‍ കുടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നതോടെ സഭ കൂടുതല്‍ കുരുക്കിലാകും.

നൂറു കോടിയുടെ ഭൂമി കുംഭകോണത്തില്‍ സഭയ്ക്ക് പൂര്‍ണ്ണമായ പണം ലഭിച്ചില്ലെങ്കിലും രൂപതാ ആസ്ഥാനത്തെ ചില വൈദീകര്‍ക്ക് കോടികള്‍ ലഭിച്ചെന്ന ഞെട്ടിയ്ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം സംബന്ധിച്ച വാര്‍ത്ത പ്രവാസി ശബ്ദം പുറത്ത് വിട്ടതിന് പിന്നാലെ ദിവസങ്ങള്‍ക്ക് ശേഷം മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു. പ്രവാസി ശബ്ദം വാര്‍ത്ത ചൂണ്ടികാട്ടി ചില വിശ്വസികള്‍ എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചയായത്. പ്രവാസി ശബ്ദം വാര്‍ത്ത സത്യമാണെങ്കില്‍ അന്വേഷണം നടത്തണമെന്നും അല്ലാത്ത പക്ഷം ഈ പത്രത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കര്‍ദ്ദിനാല്‍ തയ്യാറാകണമെന്നായിരുന്നു വിശ്വാസികളുടെ ആവശ്യം. പക്ഷെ പ്രവസി ശബ്ദം പുറത്ത് വിട്ട രേഖകള്‍ സത്യമാണെന്ന് തെളിഞ്ഞതോടെ ഭൂമി കുംഭകോണം സഭയെ പിടിച്ചുലയ്ക്കുകയായിരുന്നു.

കോടികളുടെ കുംഭകോണത്തിന് പിന്നില്‍ വൈദീകരുടേയും സഭാ ഉന്നതരുടേയും പണത്തോടുള്ള ആര്‍ത്തിയാണെന്നാണ് പ്രവസി ശബ്ദത്തിന് ലഭിച്ച തെളിവുകള്‍ വ്യക്തമാക്കുന്നത്. സഭയുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വൈദീകര്‍ക്ക് വിദേശത്തും സ്വദേശത്തുമായി ബിസിനസില്‍ പങ്കാളിത്തവും സ്വത്തുക്കളുമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോടികളുടെ കുംഭകോണത്തില്‍ കൈ നനയാതെ മീന്‍ പിടിക്കാന്‍ ശ്രമിച്ച വൈദീകരും ഇതോടെ വെട്ടിലാവുകയാണ്.

മണ്ണ് പൊന്നാക്കി വിയര്‍പ്പൊഴുക്കി നേടിയ സമ്പാദ്യത്തില്‍ നിന്നാണ് കേരളത്തിലെ സീറോ മലബാര്‍ സഭയെ വിശ്വാസികള്‍ കെട്ടിപ്പൊക്കിയത്. പട്ടിണികിടന്നും വിദേശത്ത് വിയര്‍പ്പൊഴുക്കിയും നേടിയ സമ്പദ്യം പലരും തങ്ങളുടെ പള്ളിയ്ക്കും പട്ടക്കാരനുമായി നല്‍കി. പിന്നിട് കോടികളുടെ സാമ്രജ്യത്തിലേയ്ക്കും കോളേജും ആശുപത്രികളുമായി സഭ വളര്‍ന്നപ്പോള്‍ ഈ കോടികള്‍ പലരും വൈദീകരുടേയും ബന്ധുക്കളുടേയും പേരിലേയ്ക്ക് മാറുകയായിരുന്നു. ആരുമറിയാതെ പോകുമായിരുന്ന കോടികളുടെ കുംഭകോണം ഒടുവില്‍ രൂപതയിലെ തമ്മില്‍ തല്ലില്‍ പുറത്തായപ്പോള്‍ വിശ്വസികള്‍ ഞെട്ടലിലാണ്. ഭൂമി കുംഭകോണം മാധ്യമ ചര്‍ച്ചയായതോടെ വൈദീകരുടെ സ്വത്തുക്കളെ കുറിച്ചും അന്വേഷണം വേണമെന്നാവശ്യമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്.

അങ്കമാലിയലെ മെഡിക്കല്‍ കോളേജിനുള്ള സ്ഥലം വാങ്ങല്‍ മുതല്‍ അതിന്റെ കടം വീട്ടാന്‍ പിന്നീട് നടത്തിയ ഭൂമി കച്ചവടം വകെ ഭൂമാഫിയയുമായി ചേര്‍ന്ന് സഭയിലെ ഉന്നതര്‍ നടത്തിയ വന്‍ കൊള്ളയായിരുന്നുവെന്ന് തെളിയുകയാണ്. സഭ വാങ്ങിയ ഭൂമിയ്ക്ക് മുഴുവന്‍ കൃത്യമായി പണം കൊടുത്തെങ്കിലും സഭ വിറ്റ ഭൂമിയ്ക്ക് മാത്രം പണം ലഭിച്ചില്ലെന്ന അത്യഅപൂര്‍വ്വ സാങ്കേതിക പിഴവാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരിയ്ക്ക് പറ്റിയതെന്നാണ് സിനഡില്‍ അദ്ദേഹം ഏറ്റു പറഞ്ഞിരിക്കുന്നത്. ഭൂമി വാങ്ങിയവരും സഭയുടെ അക്കൗണ്ടിലേയ്ക്ക് പണമൊഴുക്കിയ ദുബായിലെ വന്‍കിട മാഫിയയുടേയും വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരുന്നതോടെ ഭൂമി കുംഭകോണത്തിന്റെ ശരിയായ മുഖമായിരിക്കും കേരളം അറിയുക.