ഐ.ജി.കോപ്പിയടിക്കാരൻ തന്നെ. അന്വേഷണ റിപ്പോർട്ട് പുറത്ത്.

എല്‍.എല്‍.എം പരീക്ഷയില്‍ തൃശൂര്‍ റേഞ്ച് ഐ.ജി ടി.ജെ. ജോസ് കോപ്പിയടിച്ചതായി സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച എം.ജി സര്‍വകലാശാല പരീക്ഷവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ഐ.ജി പരീക്ഷ എഴുതിയ എറണാകുളം കളമശ്ശേരി സെന്‍റ് പോള്‍സ് കോളജില്‍ നേരിട്ടത്തെി ഇന്‍വിജിലേറ്റര്‍, പരീക്ഷസൂപ്രണ്ട് എന്നിവരടക്കം അഞ്ച് പേരില്‍നിന്ന് മൊഴിയെടുത്തശേഷമാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എ.സി. ബാബു പരീക്ഷ കണ്‍ട്രോളര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. കോപ്പിയടിക്കാന്‍ ഉപയോഗിച്ച ഗൈഡിന്‍െറ പേജ് ഐ.ജി ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതെ നിര്‍ബന്ധമായി കൊണ്ടുപോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷാ ചീഫ് സൂപ്രണ്ട് വി.എസ്. പീറ്റര്‍, അഡീ. സൂപ്രണ്ട് വിന്‍സന്‍റ് ടൊറന്‍സ് റിബല്ളോ, കോപ്പിയടി പിടിച്ച ഇന്‍വിജിലേറ്റര്‍ പി.സി. ബിനു, അഡ്മിനിസ്ട്രേറ്റിവ് സൂപ്രണ്ടുമാരായ ശ്രീരഞ്ജിനി, ഷൈനി എന്നിവരില്‍നിന്നാണ് തെളിവെടുത്തത്. ചൊവ്വാഴ്ച ഉച്ചക്ക് 12 ഓടെയാണ് ഡെപ്യൂട്ടി രജിസ്ട്രാര്‍ എം.ജി സര്‍വകലാശാലാ വി.സിയുടെ നിര്‍ദേശ പ്രകാരം കോളജിലത്തെിയത്. തുടരന്വേഷണത്തിന് സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിക്കണമെന്ന ശിപാര്‍ശയോടെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് പരീക്ഷവിഭാഗം കൈമാറി. തുടര്‍ന്ന് കൂടൂതല്‍ നടപടികള്‍ സ്വീകരിക്കുന്നത് ആലോചിക്കാന്‍ ബുധനാഴ്ച വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അടിയന്തര ഉന്നതല യോഗം വിളിച്ചു.