മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു

​മലയാളിയായ മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ. ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.

രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവിനും അഴിമതിക്കും,​ ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ. ശേഷൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990 ഡിസംബർ 12നാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതല ഏറ്റത്. 1996 ഡിസംബർ 11 വരെ ആ പദവിയിൽ തുടർന്നു.

Loading...

രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ തിരഞ്ഞെടുപ്പു കമ്മിഷണറെന്ന നിലയിൽ മലയാളികളുടെ അഭിമാനമാണ് ടി.എൻ. ശേഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഒരു സംവിധാനമുണ്ടെന്ന് ഇന്ത്യയിലെ സാമാന്യജനം അറിഞ്ഞത് ശേഷൻ അതിന്റെ തലപ്പത്ത് എത്തിയപ്പോഴാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പുനടത്തിപ്പുകാരന്റെ ചുമതലയും അധികാരവുമെന്തെന്ന് അദ്ദേഹം രാജ്യത്തെ ബോദ്ധ്യപ്പെടുത്തി. ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകുക, സ്ഥാനാർത്ഥികളുടെ വരുമാന വിവരം വെളിപ്പെടുത്തുക എന്നിങ്ങനെ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങൾ ശേഷൻ കൊണ്ടുവന്നു.

1932ൽ പാലക്കാട് ജില്ലയിലെ തിരുന്നെല്ലായി എന്ന ദേശത്താണ് ജനനം. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1955 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഐ.എ.എസ് ലഭിച്ച ശേഷം ഫെല്ലോഷിപ്പ് നേടി ഹാർവാർഡ് സർവകലാശാലയിലും അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നു. പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. മക്കളില്ല.

രാജ്യത്തിന്റെ പത്താം തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്നു. ചെന്നൈ ആൽവാർപേട്ട സെയ്ന്റ് മേരീസ് റോഡിലെ 112-ാം നമ്പർ ബംഗ്ലാവിലായിരുന്നു താമസം. പാലക്കാട് തിരുനെല്ലായി സ്വദേശിയാണ്.

ചന്ദ്രശേഖർ സർക്കാരിന്റെ കാലത്ത് 1990 ഡിസംബർ 12-നാണ് ശേഷൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറായത്. അതുവരെ ആസൂത്രണ കമ്മിഷനിലെ അപ്രധാന തസ്തികയിലായിരുന്നു. പുതിയ പദവിയിലിരുന്ന് അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന്റെ കരുത്തും ശേഷിയും രാജ്യത്തിനു കാട്ടിക്കൊടുത്തു. ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷൻ എന്തെന്ന് ജനം അറിഞ്ഞു.

തിരഞ്ഞെടുപ്പുകാലത്തെ ചുമരെഴുത്തുകൾക്ക് ശേഷൻ കർശന നിയന്ത്രണം കൊണ്ടുവന്നു. അനുവദിക്കപ്പെട്ടതിലുമേറെ തുക പ്രചാരണത്തിന് സ്ഥാനാർഥികൾ ചെലവാക്കുന്നതും നിയന്ത്രിച്ചു. വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് എന്ന ആശയം കൊണ്ടുവന്നതും അതിന്റെ നടപടിക്രമങ്ങൾ തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.

നിർവാചൻ സദ’നിലെ ‘അൽസേഷ്യൻ’ എന്ന പേരുവീഴാൻ ഈ കർക്കശമായ ഇടപെടലുകൾ ധാരാളമായിരുന്നു. ശേഷനെ നിയന്ത്രിക്കാൻ ഭരണഘടനാഭേദഗതി കൊണ്ടുവരാൻപോലും നരസിംഹ റാവു സർക്കാർ നിർബന്ധിതമായി. 1996 ഡിസംബർ 11-ന് അദ്ദേഹം പദവി ഒഴിയുമ്പോൾ, രാജ്യമൊട്ടുക്കും വോട്ടർമാർക്കു തിരിച്ചറിയൽ കാർഡ് വിതരണം തുടങ്ങിയിരുന്നു.

തിരുനെല്ലായി നാരായണ അയ്യർ ശേഷൻ 1955 ബാച്ച് തമിഴ്നാട് കേഡർ ഐ.എ.എസ്. ഓഫീസറാണ്. 1996-ൽ രമൺ മഗ്സസെ പുരസ്കാരത്തിന് അർഹനായി. അക്കൊല്ലം രാഷ്ട്രപതിതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായിരുന്ന കെ.ആർ. നാരായണനെതിരേ മത്സരിച്ചു. ശിവസേനയുടെ പിന്തുണയോടെ ഗോദയിലിറങ്ങിയ അദ്ദേഹം പക്ഷേ, തോറ്റു.