ടി.പി പിടഞ്ഞ് വീണ മണ്ണിൽ തോറ്റ് തുന്നം പാടി സി.പി.എം

ടി.പി പിടഞ്ഞ് വീണ മണ്ണിൽ തോറ്റ് തുന്നം പാടി സി.പി.എം വീണ്ടും. ഒഞ്ചിയം പഞ്ചായത്തിലെ പുതിയോട്ടുംകണ്ടി വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വിജയം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി രാജാറാം തൈപ്പളളിയെ 308 വോട്ടുകള്‍ക്കാണ് ആര്‍എംപി സ്ഥാനാര്‍ത്ഥി പി ശ്രീജിത്ത് പരാജയപ്പെടുത്തിയത്. ഇതോടെ 17 വാർഡുകളുള്ള ഒഞ്ചിയം പഞ്ചായത്ത് ഭരണം ആര്‍എംപി നിലനിര്‍ത്തി. സിപിഎമ്മിനും ആര്‍എംപിക്കും ഏറെ നിര്‍ണായകമായിരുന്നു ഉപതെരഞ്ഞടുപ്പ്. കഴിഞ്ഞ തെരഞ്ഞടുപ്പിനെക്കാള്‍ ഭൂരിപക്ഷം കുറയ്ക്കാനായത് സിപിഎമ്മിന് ആശ്വാസകരമായി.
ആര്‍എംപി മെമ്പര്‍ എ ജി ഗോപിനാഥിന്റെ മരണത്തോടെയാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമായതോടെ സിപിഎം ശക്തമായ പ്രചരണം നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പഞ്ചായത്ത് ഭരണം ഏത് മുന്നണിക്കെന്ന് നിര്‍ണയിക്കും എന്നായതോടെ മുന്‍ നിര നേതാക്കളെ തന്നെ സിപിഎം രംഗത്തിറക്കിയിരുന്നു. ഒഞ്ചിയം പഞ്ചായത്തിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി പി.ശ്രീജിത്ത് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഞ്ഞൂറിലേറെ വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ ആര്‍എംപിയുടെ വിജയം. 576 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നിടത്തുനിന്നാണ് 308 ന്റെ ഭൂരിപക്ഷത്തിലേക്ക് എത്തിയത്.

ആകെ 17 വാര്‍ഡുകളുള്ള ഒഞ്ചിയം പഞ്ചായത്തില്‍ യുഡിഎഫിന്‍റെ മൂന്ന് അംഗങ്ങളും ആര്‍എംപിയുടെ ആറ് അംഗങ്ങളും ചേര്‍ന്ന് ഒമ്പത് പേരാണ് ഉള്ളത്. എല്‍ഡിഎഫിനാകട്ടെ ലോക്താന്ത്രിക് ദള്‍ അടക്കം എട്ട് മെമ്പര്‍മാരും. ലോക് താന്ത്രിക് ദള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേയ്ക്ക് മാറിയതോടെയാണ് ഏഴ് സീറ്റുകളുണ്ടായിരുന്ന ഇടതുമുന്നണിയുടെ മെമ്പര്‍മാരുടെ എണ്ണം എട്ട് ആയത്. കോണ്‍ഗ്രസിന് ഒന്ന്, ലോക് താന്ത്രിക് ദളിന് ഒന്ന്, ലീഗിന് രണ്ട് എന്നിങ്ങനെയായിരുന്നു മുമ്പത്തെ യുഡിഎഫ് കക്ഷിനില.

Loading...

ഒഞ്ചിയം മണ്ണ്‌ ചുവന്നതാണ്‌. ആ മണ്ണിൽ 51 വെട്ട് വെട്ടി ടി.പിയെ കൊലപ്പെടുത്തിയപ്പോൾ ചുവന്ന മണ്ണ്‌ കടും ചുവപ്പായി. ആ കടും ചുവപ്പുകാരാണ്‌ ആർ.എം.പിക്കാർ. ടി.പിയുടെ വധം കേരളം ഒരിക്കലും മറക്കില്ല. പാർട്ടി വിട്ടതിന്റെ പേരിൽ വധ ശിക്ഷക്ക് പാർട്ടി കോടതി വിധിച്ച് വിധി നടപ്പാക്കിയ സംഭവമായിരുന്നു അത്. എന്തായാലും 51 വെട്ട് വെട്ടി മുറിച്ചാലും മരണമില്ലാത്തവനും മുറി കൂടുന്നവനുമാണ്‌ ടി.പി ചന്ദ്രശേഖരൻ എന്ന് കേരളത്തിലെ വിപ്ലവകാരികൾക്ക് ഒഞ്ചിയം മണ്ണ്‌ തെളിയിച്ച് കൊടുക്കുകയാണ്‌