പബ്ബുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതേ ഉള്ളൂ, അന്തിമമായിട്ടില്ല: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതേ ഉള്ളൂവെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. തത്വത്തില്‍ ചര്‍ച്ച ചെയ്തതല്ലാതെ നടപടികള്‍ ഒന്നും ആരംഭിച്ചിട്ടില്ലെന്നും പബുകള്‍ ആരംഭിക്കുന്ന കാര്യത്തില്‍ നന്നായി ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം വീടുകളില്‍ വൈന്‍ നിര്‍മ്മിക്കുന്നതിനെതിരെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ വഴി വൈന്‍ വില്‍പ്പന വ്യാപകമായ സാഹചര്യത്തിലാണ് നിര്‍മ്മിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല മതപരമായ ആവശ്യങ്ങള്‍ക്ക് പളളികളില്‍ വൈന്‍ ഉണ്ടാക്കുന്നതിന് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു.

Loading...

വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണന്‍. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. വീടുകളില്‍ സ്വന്തം ആവശ്യത്തിന്‌ വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ല – മന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ആഘോഷവേളകളില്‍ വ്യാപകമായി അനധികൃത വൈന്‍ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ അനധികൃതമായി വൈന്‍ നിര്‍മിച്ച വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇത് പല അനിഷ്ടസംഭവങ്ങള്‍ക്കും കാരണമാകുകയും ചെയ്യാം.
ഇതൊഴിവാക്കുന്നതിനാണ് ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നല്‍കിയ പൊതുനിര്‍ദേശത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ സ്വകാര്യമായി വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉല്‍പാദിപ്പിക്കുന്നത്‌ നിരോധിച്ചിട്ടില്ല. എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലര്‍ പരിശോധിച്ചാല്‍ ഇത് ആര്‍ക്കും ബോധ്യപ്പെടുന്നതാണ് – മന്ത്രി പറഞ്ഞു.