തിരുവനന്തപുരം : കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനെത്തിയ ടി.പി. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ വിദ്യാര്‍ഥി നേതാവ് ഒരു വധശ്രമക്കേസില്‍ പൊലീസ് തിരയുന്ന പ്രതി. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റും വിളപ്പില്‍ ഏരിയാ പ്രസിഡന്റുമായ ജെ.എസ്. ശരത് (കാമിനി ശരത് 23) ഇതടക്കം ഒരു ഡസനോളം കേസുകളിലെ പ്രതിയാണ്.

നേമം, വിളപ്പില്‍ പ്രദേശങ്ങളില്‍ ഗുണ്ടാപ്പിരിവടക്കം ഒട്ടേറെ കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ട സംഘം പ്രതികളാണ്. ജനതാദള്‍ നേതാവിന്റെ മകനെ മര്‍ദിച്ച കേസിലും ഐടിഐ പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്ത കേസിലും പ്രതിയാണ്. സിപിഎം നഗരത്തില്‍ എവിടെ അക്രമസമരം ലക്ഷ്യമിട്ടാലും ശരത്തും സംഘവും രംഗത്തുണ്ടാകും. ബസുകളും കാറുകളും അടിച്ചുതകര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

Loading...

ഇന്നലെ ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയശേഷം ശരത് ഒരു ഭാവവ്യത്യാസവുമില്ലാതെ സ്ഥലംവിട്ടു. പൊലീസ് കണ്ടുനിന്നു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നുവെന്നാണു രാത്രിയും പൊലീസ് ഭാഷ്യം. നേമം ബ്ലോക്ക് പ്രസിഡന്റ് എല്‍. അനിതയുടെ മകന്‍ വിഷ്ണു ഗോപകുമാറിനെ രണ്ടു മാസം മുന്‍പു പട്ടാപ്പകല്‍ നടുറോഡില്‍ സംഘംചേര്‍ന്നു മര്‍ദിച്ചതിനാണു മലയിന്‍കീഴ് മേപ്പൂക്കര കളത്തിന്‍കര വീട്ടില്‍ ശരത്തിനെതിരെ വധശ്രമത്തിനു കേസെടുത്തത്.