വാഷിങ്ടൺ: ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു കാബൂളിൽ നിന്ന് പുറത്ത് വന്ന ഒരു വീഡിയോ. താലിബാന്റെ കൈയിൽ നിന്നും രക്ഷനേടാൻ വിമാതത്തിന്റെ ടയറിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേർ താഴെ വീഴുന്നതായിരുന്നു ആ ദൃശ്യം. അമേരിക്കൻ സൈനികവിമാനത്തിൽനിന്നു വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ടിനെതിരെയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നത്.
വിമാനത്തിന്റെയും താഴേക്ക് വീഴുന്ന രണ്ടു മനുഷ്യരുടെയും ചിത്രത്തിനൊപ്പം ‘കാബൂൾ സ്കൈഡൈവിങ് ക്ലബ്’ ‘2021ൽ സ്ഥാപിതം’ എന്ന് എഴുതിയ ടിഷർട്ട് അമേരിക്കൻ ഇ–കൊമേഴ്സ് കമ്പനിയായ ഇട്സിയിലൂടെയാണ് വിൽപനയ്ക്ക് എത്തിയത്.എന്നാൽ ഇത് മനുഷ്യത്വ രഹിതമായ പ്രവൃത്തിയാണെന്നു ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ കമ്പനി ടിഷർട്ട് പിൻവലിക്കുകയും അഫ്ഗാനിസ്ഥാനായി പ്രാർഥിക്കാൻ ആവശ്യപ്പെടുന്ന ടിഷർട്ട് പുറത്തിറക്കുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.