ഷഹീന്‍ ബാഗില്‍ 4 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; സുപ്രീംകോടതി സ്വമേധയാ കേസെടുത്തു

ന്യൂഡല്‍ഹി: 4 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിനിടയാക്കിയ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ഷഹീന്‍ബാഗിലെ സമരകേന്ദ്രത്തിലായിരുന്നു നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ദേശീയ ധീരതാ പുരസ്‌കാര ജേതാവ് സെന്‍ സദാവര്‍തെ ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കോടതി സ്വമേധയാ കേസെടുത്തത്. കുട്ടിയുടെ മരണം ചൂണ്ടിക്കാട്ടിയായിരുന്നു സെന്‍ സദാവര്‍തെ കത്തയച്ചത്.

കുട്ടികളെയും നവജാത ശിശുക്കളെയും സമരത്തില്‍ പങ്കെടുപ്പിക്കുന്നത് തടയണമെന്നായിരുന്നു സെന്‍ സദാവര്‍തെ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് ബി.ആര്‍ ഗവയ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കേന്ദ്രസര്‍ക്കാര്‍, ഡല്‍ഹി സര്‍ക്കാര്‍ എന്നിവര്‍ക്ക് വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസയച്ചു. യുഎന്‍ കണ്‍വെന്‍ഷന്‍ പ്രകാരം കുട്ടികള്‍ക്ക് സമരങ്ങളില്‍ പങ്കെടുക്കാനാകുമെന്ന് ഷഹീന്‍ ബാഗ് സമരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക കോടതിയെ ധരിപ്പിച്ചു. ഈ വാദത്തെ കോടതിയിലുണ്ടായിരുന്ന സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. ഈ സമയത്താണ് നാലുമാസം പ്രായമുള്ള ശിശുവിന് സമരത്തില്‍ എങ്ങനെ പങ്കെടുക്കാനാകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ തുന്‍ബെര്‍ഗ് കുട്ടിയാണെന്നും ആ കുട്ടി പ്രക്ഷോഭം നടത്തിയതും ഷഹീന്‍ബാഗ് സമരക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ഉയര്‍ത്തിക്കാട്ടി.

Loading...

മാത്രമല്ല സമരം നടക്കുന്ന സ്ഥലത്തെ കുട്ടികളെ പാകിസ്താനികളെന്നും വഞ്ചകരെന്നും വിളിക്കുന്നുവെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചു.എന്നാല്‍ ഈ വാദത്തില്‍ ചീഫ് ജസ്റ്റിസ് അപ്രധാനമെന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം വാദങ്ങള്‍ ഇവിടെ ഉന്നയിക്കരുത്. കോടതിമുറി കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാനുള്ള വേദിയാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് നാലുമാസം പ്രായമുള്ള കുട്ടിക്ക് സമരസ്ഥലത്ത് പോകാന്‍ സാധിക്കുക എന്ന ചോദ്യം അദ്ദേഹം വീണ്ടും ഉന്നയിച്ചു. എങ്ങനെയാണ് ആ കുഞ്ഞിന്റെ അമ്മയ്ക്ക് അതിനെ ന്യായീകരിക്കാന്‍ സാധിക്കുകയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. എന്നാല്‍ അതിന് മറുപടി നല്‍കുന്നതിന് പകരം ഡിറ്റന്‍ഷന്‍ സെന്ററുകളിലെ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥകളെക്കുറിച്ച് സമരക്കാരുടെ അഭിഭാഷക വാദിച്ചുകൊണ്ടിരുന്നു.

ഇതോടെ വാദത്തിനിടെയില്‍ വീണ്ടും ചീഫ് ജസ്റ്റിസ് ഇടപെട്ടു.പാകിസ്താനി കുട്ടികള്‍, സിഎഎ, എന്‍ആര്‍സി, ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ തുടങ്ങി അപ്രധാനമായ വാദങ്ങള്‍ അഭിഭാഷകര്‍ ഉന്നയിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണമാണ് കോടതി പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ജനുവരി 30നാണ് ഷഹീന്‍ ബാഗിലെ സമരകേന്ദ്രത്തില്‍ വെച്ച് ഉറങ്ങിക്കിടന്ന കുഞ്ഞ് മരിക്കുന്നത്. ഡല്‍ഹിയിലെ ശൈത്യത്തില്‍ പരിചരണം ലഭിക്കാതെയാണ് കുഞ്ഞ് മരിച്ചത്. ഇത് ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. തുടര്‍ന്നാണ് ധീരതാ പുരസ്‌കാര ജേതാവായ സെന്‍ സദാവര്‍തെ ചീഫ് ജസ്റ്റിസിന് കത്തയച്ചത്.