അഫ്​ഗാൻ ഉപപ്രധാനമന്ത്രി കൊല്ലപ്പെട്ടെന്ന് സൂചന; നിഷേധിച്ച് താലിബാൻ

കാബൂൾ: അഫ്ഗാൻ ഉപപ്രധാനമന്ത്രിയായ മുല്ലാ ബറാദാർ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം.താലിബാൻ നേതാക്കളിൽ പ്രധാനിയാണ് മുല്ലാ ബറാദാർ .താലിബാന് അകത്ത് തന്നെയുള്ള ആഭ്യന്തര പ്രശ്‌നത്തെ തുടർന്നാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ, വാർത്തകൾ നിഷേധിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് താലിബാൻ. മുല്ലാ ബാറാദാർ കൊല്ലപ്പെട്ടില്ലെന്നാണ് താലിബാൻ വക്താവ് വിശദീകരിച്ചിരിക്കുന്നത്. തെളിവിനായി അദ്ദേഹത്തിന്റെ ഓഡിയോ സന്ദേശവും താലിബാൻ പുറത്തുവിട്ടിട്ടുണ്ട്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പുറത്തുവരുന്നതെന്നാണ് താലിബാൻ വക്താവ് സുലൈൽ ഷഹീൻ ട്വിറ്ററിൽ വ്യക്തമാക്കിയിരിക്കുന്നത്. പിന്നാലെ മുല്ലാ ബറാദാർ കാണ്ഡഹാറിൽ യോഗത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു.

എന്നാൽ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികൾ വീഡിയോയുടെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടില്ല. ഹഖാനി നെറ്റ്വർക്ക് തലവൻ സിറാജുദ്ദീൻ ഹഖാനിയുമായുള്ള മുല്ലാ ബറാദാറിന്റെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രചരിച്ചത്. താലിബാനിൽ ഹഖാനി ഗ്രൂപ്പും ബറാദാർ ഗ്രൂപ്പും കടുത്ത ഭിന്നതയിലാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. താലിബാൻ സർക്കാറിന്റെ തലവൻ മുല്ലാ ബറാദാർ ആകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായാണ് നിയമിച്ചത്.ഇടക്കാല സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷവും ബറാദാറിനെ കുറച്ച് ദിവസമായി പരസ്യമായി കാണപ്പെട്ടിരുന്നില്ല. ഞായറാഴ്ച കാബൂളിൽ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി സംഘത്തിലും അദ്ദേഹമുണ്ടായിരുന്നില്ല. താലിബാൻ തലവൻ ഹൈബത്തുല്ല അഖുൻസാദയും ഇതുവരെ പരസ്യമായി പ്രത്യക്ഷപ്പെട്ടിട്ടില്ല.

Loading...