കശ്മീരിലെ മുസ്ലിങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ട്: താലിബാന്‍ വക്താവ്

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ നിലപാട് മാറ്റി താലിബാന്‍. കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീദ് പറഞ്ഞത്. ബിബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതില്‍ ഇടപെടുന്നില്ല എന്നായിരുന്നു താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ നിലപാട് മാറ്റുന്ന തരത്തിലുള്ളതാണ് ഇപ്പോള്‍ വക്താവിന്റെ പരാമര്‍ശം. മുസ്ലിം എന്ന നിലയില്‍ ജമ്മു കശ്മീരിലെ മുസ്ലിങ്ങളുടെ വിഷയത്തില്‍ തങ്ങള്‍ക്ക് അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്നാണ് താലിബാന്‍ വക്താവ് പറഞ്ഞത്.

Loading...

ജമ്മു കശ്മീരില്‍ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള മുസ്ലിങ്ങളുടെ വിഷയത്തില്‍ തങ്ങള്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളും എന്നും സുഹൈല്‍ അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഇന്ത്യയുടെ വിദേശകാര്യ വക്താവ് താലിബാന്‍ വക്താവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

പക്ഷെ കശ്മീര്‍ വിഷയം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ എന്ത് ചര്‍ച്ചകളാണ് നടന്നത് എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല. അഫ്ഗാന്‍ മണ്ണ് ഇന്ത്യയിലേക്കുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കരുതെന്ന് ചര്‍ച്ചകളില്‍ താലിബാനോട് ആവശ്യപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് താലിബാന്‍ വക്താവിന്റെ കശ്മീര്‍ പരാമര്‍ശം.