ഹൈദരാബാദ്: അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച നിരീശ്വരവാദി നേതാവ് ബാരി നരേഷിനെതിരെ പ്രതിഷേധം കനക്കുന്നു. സംസ്ഥാനത്തുടനീളം അയ്യപ്പഭക്തർ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചു. ഭാരത് നാസ്തിക സമാജം അദ്ധ്യക്ഷൻ ബാരി നരേഷാണ് പൊതുപരിപാടിയ്‌ക്കിടെ അയ്യപ്പ സ്വാമിയെ അധിക്ഷേപിച്ച് സംസാരിച്ചത്.
തുടർന്ന് നരേഷിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ഉയർന്നു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് നരേഷ് മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പ്രധാന റോഡ് ഉൾപ്പെടെ ഉപരോധിച്ചാണ് പ്രതിഷേധം. ഇതിന് പുറമേ പരിഗി പോലീസ് സ്‌റ്റേഷന് മുൻപിലും പ്രതിഷേധക്കാർ തടിച്ച് കൂടി. പോലീസുകാർ ഇടപെട്ട് പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
നരേഷിനെതിരെ പലയിടങ്ങളിലായി പ്രതിഷേധ പ്രകടനങ്ങളും അയ്യപ്പ ഭക്തർ സംഘടിപ്പിച്ചിട്ടുണ്ട്. കരയാഖെഡ് പോലീസ് സ്‌റ്റേഷന് മുൻപിൽ അയ്യപ്പ ഭക്തർ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നരേഷിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് അയ്യപ്പ ഭക്തർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസമാണ് അയ്യപ്പ സ്വാമിയെയും മറ്റ് ദൈവങ്ങളെയും അവഹേളിച്ച് പരാമർശം നടത്തുന്ന നരേഷിന്റെ വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.