നടൻ വിജയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ട്… ഏതു നിമിഷവും പൊട്ടും: ഭീഷണിയെ തുടർന്ന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി

തമിഴ്നടൻ വിജയ്ക്കെതിരെ ബോംബ് ഭീഷണി. തമിഴ്നാട് സംസ്ഥാന പോലീസ് കണ്ട്രോൾ റൂമിലേക്കു ഭീഷണി മുഴക്കിയുള്ള അജ്ഞാത കോൾ വന്നതിനെത്തുടർന്ന് ചെന്നൈ സാലിഗ്രാമത്തുള്ള നടന്റെ വീടിനു പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

വിജയുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതു നിമിഷവും അത് പൊട്ടിത്തെറിക്കുമെന്നുമാണ് അജ്ഞാതൻ ഫോണിലൂടെ പറഞ്ഞത്. വിജയുടെ അച്ഛൻ എസ് എ ചന്ദ്രശേഖറുമായി സംസാരിച്ചതിനു ശേഷമാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

Loading...

സംഭവത്തിൽ സൈബർ ക്രൈമിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. പോരൂരിനു സമീപം അളപ്പാക്കത്തു നിന്നുള്ള യുവാവാണ് ഫോൺ ചെയ്തതെന്ന് കണ്ടെത്തിയതായി പോലീസ് റിപ്പോർട്ടുകൾ പറയുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.

അതേസമയം ബിഗിൽ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിരക്കുകളിലാണ് ഇപ്പോൾ വിജയ്.