പ്രാര്‍ത്ഥനകള്‍ വിഫലം, തമിഴ് നടന്‍ വിവേക് അന്തരിച്ചു

തമിഴ് നടന്‍ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവേകിനെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം വിവേക് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇന്നലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച്‌ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊറോണറി ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും നടത്തി. അക്യൂട്ട് കൊറോണറി സിന്‍ഡ്രോമിനൊപ്പമുള്ള ഹൃദയാഘാതമാണ് വിവേകിന് സംഭവിച്ചതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.

Loading...

മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഹരീഷ് കല്യാണ്‍ നായകനായ ധാരാള പ്രഭു ആണ് ഒടുവില്‍ വേഷമിട്ട ചിത്രം.