ചെന്നൈയിലെ കസ്റ്റഡി മരണം: ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടി: ഇരുവരുടെയും സ്വകാര്യ ഭാ​ഗങ്ങളിൽ കമ്പികുത്തി കയറ്റി

ചെന്നൈ: ലോക്ഡൗൺ ലംഘനം ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത വ്യാപാരിയും മകനും ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ മരിച്ചതിനെ തുടർന്ന് തൂത്തുക്കുടി ജില്ലയിലെ സാത്തൻകുളത്ത് പ്രതിഷേധം ആളികത്തുന്നു.  കോവിൽപെട്ടി സബ് ജയിലിൽ വ്യാപാരിയായ ജയരാജ് ( 59), മകൻ ബെന്നിക്സ് (31) എന്നിവരാണു മരിച്ചത്. കഴിഞ്ഞ19 നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ആദ്യം വിസമ്മതിച്ചു. ഉചിതമായ നടപടി ഉണ്ടാകുമെന്നു ജനപ്രതിധികൾ അടക്കം ഉറപ്പു നൽകിയതിനെ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ തയാറായി.

ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനുശേഷം പിറ്റേന്നാണ്കോടതിയിൽ ഹാജരാക്കിയത്. ജയിലിലെത്തിക്കുമ്പോൾ ബെന്നിക്സിന്റെ മാറിലും കാലിലും ജയരാജിന്റെ കാലിലും പരുക്കുണ്ടായിരുന്നതായി ജീവനക്കാർ തന്നെസക്ഷ്യപ്പെടുത്തുന്നു. ജയരാജും ബെന്നിക്സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. ഇവരുടെ മരണത്തെ തുടർന്ന് ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകളുടെ കാരണമെന്നു എഫ്ഐആറിൽ വ്യക്തമായ പരമാർശമുണ്ട്.

Loading...

മൊബൈൽ കട നടത്തിയിരുന്ന ജയരാജിനെ ലോക്ഡൗൺ ലംഘനം ആരോപിച്ച് കസ്റ്റഡിയിൽ എടുത്തതറിഞ്ഞ് വിവരം അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ ബെന്നിക്സിനെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ ലോക്കപ്പിൽ ഇവർക്ക് കൂരമർദനമേറ്റതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. ഇരുവരുടെയും രഹസ്യഭാഗത്തും മറ്റുമുള്ള പരുക്കുകൾ പൊലീസിന്റെ ക്രൂര പീഡനമാണ് കാണിക്കുന്നതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബെന്നിക്സിന്റെ ലുങ്കി ചോരയിൽ മുങ്ങിയിരുന്നു. നിരവധി തവണയാണ് ആശുപത്രിയിൽ വച്ച് വസ്ത്രം മാറേണ്ടി വന്നത്. രക്തസ്രാവം നിയന്ത്രിക്കാൻ കഴിയുന്നതായിരുന്നില്ല– അഭിഭാഷകനായ രവിചന്ദ്രൻ വ്യക്തമാക്കി. ബെന്നിക്സിന്റെയും ജയരാജിന്റെയും സ്വകാര്യ ഭാഗങ്ങളിലടക്കം കമ്പിയും മറ്റും കയറ്റി ഉപദ്രവിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിഷേധത്തെത്തുടർന്ന് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകൾ അടയ്ക്കും.