വാഹനത്തിന്റെ ഒരു താക്കോല്‍ സ്ത്രീക്ക്, കിടിലന്‍ പദ്ധതിയുമായി ടാറ്റ!

കൊച്ചി: കൂടുതല്‍ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഹെര്‍ കീ’ പദ്ധതിയുമായി ടാറ്റ മോട്ടോര്‍സ്. വാഹനം ഉപഭോക്താവിന് കൈമാറുമ്പോള്‍ തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോല്‍ ‘ഹെര്‍ കീ’ യായി സ്ത്രീകള്‍ക്ക് നല്‍കുന്നതാണ് പദ്ധതി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പദ്ധതിക്ക് തുടക്കമായി.

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ വളരെ വേഗത്തില്‍ മുന്‍പന്തിയില്‍ എത്തിയിട്ടുണ്ട്. എന്നിരുന്നാലും നിലവില്‍ 11ശതമാനമാണ് രാജ്യത്തെ സ്ത്രീ ഡ്രൈവറുമാരുടെ ആകെ എണ്ണം. നിരവധി സ്ത്രീകള്‍ ഇപ്പോഴും ആത്മവിശ്വാസ കുറവുമൂലവും മറ്റും ഡ്രൈവിങ്ങില്‍ നിന്നും അകന്നു നില്‍ക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ നിന്നും ഒരു പരിവര്‍ത്തനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെര്‍ കീ അവതരിപ്പിക്കുന്നതെന്ന് ടാറ്റ മോട്ടോര്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

‘കൂടുതല്‍ സ്ത്രീകളെ ഡ്രൈവിംഗ് സീറ്റിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെര്‍ കീ പദ്ധതി ആരംഭിച്ചത്. ഇത് സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങിലേക്ക് എത്തുവാന്‍ ആത്മവിശ്വാസം നല്‍കും. ടാറ്റയുടെ ഈ പുതിയ സംരംഭം ഇതിനൊരു തുടക്കമാകുമെന്നും ടാറ്റ പാസ്സഞ്ചര്‍ വെഹിക്കിള്‍സ് സെയില്‍സ്, മാര്‍ക്കറ്റിങ് ആന്‍ഡ് കസ്റ്റമര്‍ സപ്പോര്‍ട്ട് വിഭാഗം മേധാവി സിബേന്ദ്ര ബര്‍മന്‍ പറഞ്ഞു.