പോപ്പ് സംഗീതത്തിലേയ്ക്ക് ചുവടുമാറിയ ടെയ്‌ലര്‍ സ്വിഫ്റ്റ് ഹിറ്റുകളുടെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ പോപ്പ് ആല്‍ബം 1989 ലെ ആദ്യ സിംഗിളായ ഷെയ്ക്ക് ഇറ്റ് ഓഫില്‍ തുടങ്ങിയ റെക്കോര്‍ഡ് തകര്‍ക്കല്‍ തുടര്‍ക്കഥയാകുകയാണ്. ടെയ്‌ലര്‍ പുറത്തിറക്കിയ പുതിയ ഗാനം ബാഡ് ബ്ലെഡാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ച മറ്റൊരു ഗാനം. ഗാനം മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ വിവോയിലൂടെ 24 മണിക്കൂറില്‍ 2.01 കോടി ആളുകളാണ് കണ്ടിരിക്കുന്നത്. വിവോയുടെ ചരിത്രത്തില്‍ തന്നെ 24 മണിക്കൂറില്‍ ഏറ്റവും അധികം പേര്‍ കണ്ട വിഡിയോ എന്ന റെക്കോര്‍ഡാണ് ബാഡ് ബ്ലെഡ് തിരുത്തിക്കുറിച്ചിരിക്കുന്നത്. നേരത്തെ റാപ്പര്‍ നിക്കി മിനാജിന്റെ സിംഗിള്‍ അനാക്കോണ്ടയായിരുന്ന മുന്നില്‍. 1.96 കോടി ആളുകളാണ അനാകോണ്ട ഒറ്റ ദിവസംകൊണ്ട് കണ്ടത്.

സെലിബ്രിറ്റികളെകൊണ്ട് സമ്പന്നമായിരുന്ന ബാഡ് ബ്ലെഡിന്റെ വിഡിയോ, റെക്കോര്‍ഡ് തകര്‍ത്ത വിവരം സ്വിഫ്റ്റ് തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. ബില്‍ബോര്‍ഡ് പുരസ്‌കാര ദാനചടങ്ങില്‍ വെച്ച് സ്വിഫ്റ്റ് പുറത്തിറക്കിയ ഗാനം ഇതുവരെ 66,467,519 ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്.നേരത്തെ ആല്‍ബത്തിലെ മൂന്ന് സിംഗിളുകള്‍ പുറത്തിറങ്ങിയിരുന്നു. 2002 ന് ശേഷം ആദ്യ ആഴ്ച്ചയില്‍ 13 ലക്ഷം കോപ്പികള്‍ വിറ്റ ആദ്യ ആല്‍ബം, തുടരെ തുടരെ രണ്ട് സിംഗിളുകള്‍ ബില്‍ബോര്‍ഡ് പട്ടികയില്‍ ഇടം പിടിച്ച ആല്‍ബം, തുടര്‍ച്ചയായി പത്ത് ആഴ്ച്ചകള്‍ ഹോട്ട് 100 ലിസ്റ്റില്‍ ഇടം പിടിച്ച സിംഗിളുകളുള്ള ആല്‍ബം എന്നീ റിക്കോര്‍ഡുകള്‍ 1989 സ്വന്തമാക്കിയിരുന്നു.

Loading...