ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാം ക്ലാസുകാരിക്ക് ക്രൂരമര്‍ദ്ദനം; അധ്യാപകന്റെ നിര്‍ദേശത്തില്‍ സഹപാഠികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയെ 168 തവണ അടിച്ചു

ഹോംവര്‍ക്ക് ചെയ്യാത്തതിന് ആറാം ക്ലാസ് വിദ്യാര്‍ഥിയെ അടിക്കാന്‍ സഹപാഠികള്‍ക്ക് നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ് വര്‍മ (35) എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.മധ്യപ്രദേശില്‍ ജബുവ ജില്ലയിലെ താന്ത്ല പട്ടണത്തിലുള്ള ജവഹര്‍ നവോദയ സ്‌കൂളില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സംഭവം.

ആറാം ക്ലാസിലായിരുന്ന തന്റെ മകള്‍ അസുഖമായതിനാല്‍ ജനുവരി ഒന്നു മുതല്‍ പത്തു വരെ സ്‌കൂളില്‍ പോയിരുന്നില്ലെന്ന് പിതാവ് ശിവ്പ്രതാപ് സിംഗ് പറഞ്ഞു. 11ന് ഹോംവര്‍ക്ക് ചെയ്യാതെ ക്ലാസിലെത്തിയ കുട്ടിയെ ദിവസവും രണ്ടു തവണ വീതമെന്ന തോതില്‍ അടിക്കാന്‍ മറ്റു വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് 14 വിദ്യാര്‍ഥിനികള്‍ ആറു ദിവസം കുട്ടിയെ അടിച്ചു. 168 അടിയാണ് കുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.

Loading...

ശിവ്പ്രതാപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്മെന്റ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. അധ്യാപകന്‍ കുറ്റക്കാരനാണെന്ന് കമ്മിറ്റി കണ്ടെത്തിയതോടെ മാനേജ്മെന്റ് ഇയാളെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് ഇന്ത്യന്‍ പീനല്‍ കോഡിലെ ജുവനൈല്‍ ജസ്റ്റിസിലെയും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ പ്രകാരം പോലീസിലും സിംഗ് പരാതി നല്‍കി. സംഭവത്തിനു ശേഷം മകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടായതായും സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പോലീസ് അധ്യാപകനെ അറസ്റ്റു ചെയ്തത്.