ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞു വീണ് മരിച്ചു

ദമാം: ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. സൗദി അറേബ്യയിലാണ് ദാരുണ സംഭവം നടന്നത്. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് ഹസ്സനാണ് മരിച്ചത്. 35 വയസ്സായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനായിരുന്നു മുഹമ്മദ് ഹസ്സന്‍. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

അധ്യാപകന്റെ വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് അനുശോചിച്ചു.
അധ്യാപകന്‍ കുഴഞ്ഞുവീഴുന്നത് കണ്ട വിദ്യാര്‍ഥികളാണ് ഫോണില്‍ ബന്ധപ്പെട്ട് തന്നെ വിവരമറിയിച്ചതെന്ന് ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ മുഹമ്മദ് അല്‍സുഫ്യാന്‍ പറഞ്ഞു.സ്‌കൂളിനടുത്തു തന്നെയാണ് മുഹമ്മദ് ഹസ്സാന്റെ താമസസ്ഥലം. വിദ്യാര്‍ഥികളില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തങ്ങള്‍ താമസസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ചേതനയറ്റ നിലയിലാണ് അധ്യാപകനെ കണ്ടെത്തിയത്.

Loading...