ഒരേ സമയം 25 സ്‌കൂളുകളില്‍ അധ്യാപിക: 13 മാസം കൊണ്ട് സയന്‍സ് ടീച്ചര്‍ സമ്പാദിച്ചത് ഒരു കോടി രൂപ

ലഖ്‌നൗ: ഒരേ സമയം 25 സ്കൂളുകളിൽ അധ്യാപികയായി ജോലി. സാധാരണക്കാരന് ഈ തട്ടിപ്പ് ചിന്തിക്കാനേ സാധിക്കില്ല. എന്നാൽ സം​ഗതി സത്യമാണ്. ഒരേ സമയം 25 സ്‌കൂളുകളില്‍ അധ്യാപികയായിരുന്നയാൾ 13 മാസം കൊണ്ട് പ്രതിഫലം കൈപ്പറ്റിയിരുന്നത് ഒരു കോടിയോളം രൂപ. ഉത്തര്‍പ്രദേശില്‍ പിന്നാക്ക വിഭാഗക്കാരിലെ പെണ്‍കുട്ടികള്‍ക്കായുള്ള കസ്തുര്‍ബ ഗാന്ധി ബാലിക വിദ്യാലയങ്ങളിലാണ് തട്ടിപ്പ് നടന്നത്. മണിപ്പൂരുകാരിയായ അനാമിക ശുക്ല എന്ന പേരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികക്കെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 2020 ഫെബ്രുവരി വരെയുള്ള 13 മാസത്തെ ശമ്പളമാണ് ഇവര്‍ 25 സ്‌കൂളുകളില്‍ നിന്നും പിന്‍വലിച്ചത്. ഒരേ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം പിന്‍വലിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് അനാമിക ശുക്ലക്ക് നോട്ടീസയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഒരു മാസം അധ്യാപകര്‍ക്ക് ഏതാണ്ട് 30000 രൂപയാണ് ശമ്പളമായി നല്‍കിയിരുന്നത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അധ്യാപികയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അനാമിക ശുക്ല മറുപടി നല്‍കിയിട്ടില്ല. ആരോപണം സത്യമെന്ന് കണ്ടെത്തിയാല്‍ അധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുപി പ്രാഥമിക വിദ്യാഭ്യാസമന്ത്രി ഡോ. സതീഷ് ദ്വിവേദി പറഞ്ഞു.

Loading...

ഉത്തര്‍പ്രദേശില്‍ അധ്യാപികരുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ഇപ്പോള്‍ തയ്യാറാക്കി വരികയാണ്. ഈ പ്രക്രിയയിലാണ് 25 വ്യത്യസ്ത സ്‌കൂളുകളില്‍ ഒരേ അധ്യാപികയെ നിയമിച്ചതായി കണ്ടെത്തിയത്. അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി അനാമിക ശുക്ല രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.