കാണാതായ അധ്യാപികയുടെ മൃതദേഹം കണ്ടെത്തി, കടല്‍തീരത്ത് അഴുകിയ നിലയില്‍

കാസര്‍കോട്: കാണാതായ അധ്യാപികയെ ദുരൂഹ സാഹചര്യത്തില്‍ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ മിയാപദവ് ചിഗിര്‍പദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖരന്റെ ഭാര്യ ബ ികെ രൂപശ്രീയുടെ മൃതദേഹമാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്. അഴുകിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. മാത്രമല്ല അധ്യാപികയുടെ തല മുടി മുറിച്ച് നീക്കിയ നിലയിലും ആയിരുന്നു.

അതേസമയം തന്നെ ഒരാള്‍ നിരന്തരം ശല്യപ്പെടുത്തി ഇരുന്നതായി രൂപ ശ്രീ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മിയാപദവ് എസ് വി എച്ച് എസ്എസിലെ അധ്യാപികയായിരുന്നു രൂപശ്രീ. കഴിഞ്ഞ 16ന് ആണ് കാണാതായത്. ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തി ഇരുന്നു.

Loading...

വൈകിട്ടു വീട്ടില്‍ എത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു എങ്കിലും എടുത്തില്ല. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടയില്‍ രൂപശ്രീയുടെ സ്‌കൂട്ടര്‍ ഹൊസങ്കടിയില്‍ നിന്നു 2 കിലോമീറ്റര്‍ അകലെ ദുര്‍ഗിപള്ളത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

കടപ്പുറത്ത് കൂടി നടന്നുപോവുക ആയിരുന്ന മത്സ്യ തൊഴിലാളികള്‍ ആണ് ഇന്നലെ മൃതദേഹം കണ്ടത്. വിവാഹ മോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് അതിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോണ്‍ ഉപേക്ഷിച്ചതാകാം എന്നാണു പൊലീസിന്റെ നിഗമനം.

അതേസമയം മറ്റൊരു സംഭവത്തില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍, പരാതിക്കാരിയായ അമ്മയെ മര്‍ദിച്ചുകൊന്നു. വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ രണ്ടുപേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി.

ഉത്തര്‍പ്രദേശിലെ കാണ്‍പുരിലാണു സംഭവം. 2018ലാണു പെണ്‍കുട്ടി പീഡനത്തിനിരയായത്. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ ഒന്‍പതിന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാവിനെ(40)യും സഹോദരിയേയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. പരാതി പിന്‍വലിക്കണമെന്ന ആവശ്യം നിരസിച്ചതിനേത്തുടര്‍ന്നായിരുന്നു ആക്രമണം. മര്‍ദനത്തില്‍ ഗുരുതരപരുക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ സ്ത്രീകളെ മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നിലത്തുവീണ സ്ത്രീയെ വെളുത്തകുര്‍ത്ത ധരിച്ച ഒരാള്‍ മുഖത്തു ചവിട്ടുന്നതും മര്‍ദിക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. ആക്രമണക്കേസില്‍ നാലുപേര്‍ നേരത്തേ പിടിയിലായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പോലീസ് ജാജ്മാവുവില്‍ വാഹനപരിശോധന നടത്തി. എന്നാല്‍, പോലീസിനുനേരേ വെടിയുതിര്‍ത്ത് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചശേഷം അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.