സ്‌കൂളിലെ സദാചാരപീഡനം; ആരോപണവിധേയയായ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം: സ്‌കൂളിലെ സദാചാരപീഡനം; ആത്മഹത്യക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനി മരിച്ചതില്‍  ആരോപണവിധേയയായ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍.  അധ്യാപിക മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി മരിച്ചത്. മൂവാറ്റുപുഴ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പനവേലില്‍ അനിരുദ്ധന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പൊലീസ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. പ്ലസ്ടുവിനു പഠിക്കുന്ന നന്ദനയുടെ ബാഗില്‍നിന്നു പ്രണയലേഖനം അധ്യാപകര്‍ കണ്ടെടുത്തിരുന്നു. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം പോയി ചത്തൂടെയെന്ന് അധ്യാപിക ശകാരിക്കുകയും ചെയ്തിരുന്നു. പ്രണയലേഖനം കണ്ടെടുത്ത അധ്യാപികയ്ക്കു പുറമേ പ്രിന്‍സിപ്പലും പെണ്‍കുട്ടിയെ വിളിച്ചുവരുത്തി പരിഹസിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി ആര്‍ക്കോ പ്രണയലേഖനം എഴുതിയെന്നു പറഞ്ഞായിരുന്നു ശകാരവും കളിയാക്കലും. സഹപാഠികളുടെ മുന്നില്‍ വച്ചുള്ള അപമാനപ്പെടുത്തലിനെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം, നന്ദനയുടെ ബാഗില്‍നിന്നു കണ്ടെത്തിയത് പ്രണയകവിതയാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ചെറിയൊരു ശാസന പോലും വേണ്ടാതിരുന്ന പ്രശ്‌നം അധ്യാപകര്‍ മനപൂര്‍വം വഷളാക്കുകയായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. മകള്‍ ആത്മഹത്യക്കു ശ്രമിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം അധ്യാപികയ്ക്കാണെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. ഒരു അഭിസാരികയെപ്പോലെ ജീവിക്കുന്നതിലും ഭേദം നിനക്ക് പോയി മരിക്കാന്‍ പാടില്ലേ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചതായും നന്ദനയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മിടുക്കിയായി പഠിക്കുന്ന പെണ്‍കുട്ടി പ്രണയലേഖനമെഴുതി കണ്ടപ്പോഴുണ്ടായ ദേഷ്യത്തിലായിരുന്നെന്നും കുട്ടി നന്നാവാന്‍ വേണ്ടിയാണു ശകാരിച്ചതെന്നുമാണ് അധ്യാപിക പറയുന്നത്.