ഓട്ടോയിലെ യാത്ര പ്രണയമായി, വിവാഹം, ഒടുവില്‍ മരണം

പുതിയ കാരയ്ക്കാമണ്ഡപത്തിനു സമീപം വാടകവീട്ടില്‍ താമസിച്ചു വന്നിരുന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 24കാരിയായ രേഷ്മയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മുക്തര്‍ അഹമ്മദിനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

8 മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രേഷ്മ ടെക്‌നോപാര്‍ക്കിലെ മുന്‍ ജീവനക്കാരിയാണ്. മുക്താര്‍ ഓട്ടോ ഡ്രൈവറാണ്. ടെക്‌നോപാര്‍ക്കിലേയ്ക്കുളള സ്ഥിരം സവാരിക്കിടെയാണ് രേഷ്മയുമായി പരിചയപ്പെടുന്നതും അടുക്കുന്നതും. മുക്താര്‍ അഹമ്മദ് സ്ഥിരം മദ്യപാനിയാണ്. പിടിയിലാകുമ്പോഴും മുക്താര്‍ മദ്യലഹരിയിലായിരുന്നതായി പോലീസ് പറയുന്നു.

Loading...

പരിശോധനയില്‍ യുവതി തൂങ്ങി മരിച്ചതായുളള യാതൊരു അടയാളങ്ങളും കാണാനില്ലായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മുക്താര്‍ പരസ്പര വിരുദ്ധമായിട്ടാണ് കാര്യങ്ങള്‍ പറഞ്ഞത് . യുവതി വീട്ടിനുളളിലെ കിടപ്പുമുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് ഇയാള്‍ പൊലീസിനോട് ആവര്‍ത്തിച്ചു . യുവതിയുടെ മൃതദേഹം നടപടികള്‍ക്ക് ശേഷം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന് ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തും. വിശദമായ പരിശോധനാ ഫലം വന്നാല്‍ മാത്രമേ യുവതിയുടെ മരണത്തിനു പിന്നിലുളള കാരണം വ്യക്തമാവുകയുളളുവെന്ന് നേമം പൊലീസ് പറഞ്ഞു.

ഇയാള്‍ യുവതിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരിസരവാസികളുടെ മൊഴി. സംഭവദിവസം പുറത്തായിരുന്ന യുവതിയെ മുക്താര്‍ വീട്ടിലേയ്ക്ക് വിളിച്ചു വരുത്തിയിരുന്നതായി സാക്ഷി മൊഴിയുണ്ട്. പിന്നീട് വീട്ടില്‍ എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല. വൈകുന്നേരം 3 മണിയ്ക്ക് ശേഷം മുക്താര്‍ ഒരു ഓട്ടോയില്‍ചലനമറ്റ രേഷ്മയെയും കൊണ്ട് നേമം ശാന്തിവിള താലൂക്കാശുപത്രിയില്‍ എത്തുകയായിരുന്നു. ഭാര്യ കഴുത്തില്‍ കുരിക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ഇയാള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ സംശയം തോന്നിയ ഡോക്ടര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.