സാങ്കേതിക സര്‍വകലാശാല ഭരണം സ്തംഭിച്ചു; സിസി തോമസിന് ഫയലുകള്‍ കൈമാറിയില്ല

തിരുവനന്തപുരം. ഗവര്‍ണര്‍ നിയമിച്ച വിസിയുമായി ജീവനക്കാര്‍ സഹകരിക്കുന്നില്ല സാങ്കേതിക സര്‍വകലാശാലയുടെ ഭരണം സ്തംഭനത്തില്‍. സുപ്രീംകോടതി വിധിയെ തുടര്‍ന്ന് വിസി പദവി ഒഴിഞ്ഞ ഡോ എം എസ് രാജശ്രീക്ക് പകരം ചുമതലയേറ്റ ഡോ സിസ തോമസിനു ഫയലുകള്‍ കൈമാറാന്‍ ഉന്നത ഉദ്യോഗസ്ഥരും സര്‍വകലാശാല ജീവനക്കാരും തയാറാകാത്തതാണു പ്രതിസന്ധിക്കു കാരണം. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇഷിത റോയ് ഐഎഎസിന് യുജിസി ചട്ടപ്രകാരം വിസിയുടെ ചുമതല വഹിക്കുവാനുള്ള യോഗ്യത ഇല്ലായിരുന്നു.

തുടര്‍ന്ന് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ പ്രഫസറും സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറുമായ സിസ തോമസിന് ഗവര്‍ണര്‍ വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. സിസ തോമസ് വിസിയുടെ ചുമതല ഏറ്റെടുത്ത ദിവസം മുതല്‍ ഒരു വിഭാഗം ജീവനക്കാരും വിദ്യാര്‍ഥികളും വിസിയുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തുകയാണ്. വിസിക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഡിജിറ്റല്‍ ഒപ്പ് വയ്ക്കാനുള്ള സൗകര്യം ഒരുക്കാന്‍ റജിസ്ട്രാര്‍ തയാറാകാത്തതിനാല്‍ വിദ്യാര്‍ഥികളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ പരീക്ഷ കണ്‍ട്രോളറുടെ ഓഫിസില്‍ കെട്ടിക്കിടക്കുന്നു.

Loading...

അധിക ഫീസ് അടച്ച് ഫാസ്റ്റ് ട്രാക്കില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്കും യഥാസമയം സര്‍ട്ടിഫിക്കറ്റ് നല്‍കാനാവുന്നില്ല. സ്ഥാനമൊഴിഞ്ഞ വിസി ഒപ്പുവച്ച അഞ്ഞൂറോളം ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കേണ്ടതുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പ് വയ്ക്കാനുള്ള സംവിധാനം നീട്ടിക്കൊണ്ടുപോകുന്നത് എന്നറിയുന്നു. വിദേശത്ത് ജോലി ലഭിക്കേണ്ട നിരവധി വിദ്യാര്‍ഥികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തതില്‍ ആശങ്കയിലാണ്.

മൂല്യനിര്‍ണയം കഴിഞ്ഞ പരീക്ഷാഫലങ്ങള്‍ പോലും പ്രസിദ്ധീകരിക്കുന്നില്ല. വിസിയുടെ താല്‍ക്കാലിക ചുമതല നല്‍കിക്കൊണ്ടുള്ള ചാന്‍സലറുടെ ഉത്തരവ് ചോദ്യം ചെയ്ത് ചാന്‍സലര്‍, വിസി സിസ തോമസ് എന്നിവരെ എതിര്‍ കക്ഷികളാക്കി സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും.