അജുവുമായുള്ള വിവാഹത്തിന് കാരണം ഇതൊക്കെയാണ്, തുറന്ന് പറഞ്ഞ് ഭാര്യ ടീന

മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകാണ് അജു വര്‍ഗീസ്. പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ എന്തെങ്കിലും ഒരു വേഷം അജുവിന് കാണും. ഇപ്പോള്‍ അജുവുമായുള്ള വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഭാര്യ ടീന (ആഗസ്റ്റിന). അജുവിന്റേത് പ്രണയ വിവാഹമായിരുന്നു. ആ പ്രണയത്തിന് കാരണമായ രഹസ്യം തുറന്നു പറയുകയാണ് ഭാര്യ ടീന. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടീന ഇക്കാര്യം വ്യക്തമാക്കിയത്.

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ പ്രമോഷനായി അജു വര്‍ഗീസിനും നിവിന്‍ പോളിക്കും കൂര്‍ത്തി ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. അന്ന് ചെയ്ത ഡിസൈന്‍ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം ദൃഡപ്പെടുകയും ചെയ്തു. പിന്നീടാ പരിചയം പ്രണയമായി മാറി. ഒട്ടും വൈകാതെ തന്നെ ആ പ്രണയം വിവാഹത്തിലും എത്തിച്ചു.

Loading...

വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇരുവര്‍ക്കും ഇവാനും ജുവാനും പിറന്നു. തന്റെ കുടുംബത്തില്‍ ഇരട്ടക്കുട്ടികളുടെ പാരമ്ബര്യമുണ്ടെന്നും ടീന പറഞ്ഞു. ഇവാനും ജുവാനും മൂന്ന് വയസ്സ് തികയുന്നതിനിടെയാണ് ഇവര്‍ക്ക് ജാക്കും ലൂക്കും ജനിച്ചത്. നേരത്തെ മറ്റവരെ നോക്കിയതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ആവശ്യം വരുമ്‌ബോള്‍ സഹായിക്കാന്‍ ഇഷ്ടം പോലെ ആളുണ്ടായിരുന്നെന്നും ടീന പറഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ തങ്ങളുടെ സ്ഥാപനം നിന്നു പോയിരുന്നതായും ടീന പറഞ്ഞു. കുട്ടികള്‍ക്കായുള്ള ഡ്രസിന് വേണ്ടി ഒരുപാട് അലഞ്ഞ് തിരിയേണ്ടി വന്നപ്പോഴാണ് ബ്യൂട്ടിക് തുടങ്ങുന്നതിനെ കുറിച്ച് ആലോച്ചിത്. അജുവിനോട് പറഞ്ഞപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അങ്ങനെയാണ് ടൂല ലൂല പിറന്നതെന്നും ടീന പറഞ്ഞു.

ടീനയ്ക്ക് ഡിസൈനിംഗിലെ താത്പര്യം മുമ്പേ ഉണ്ടായിരുന്നു. അനിയത്തിക്കൊപ്പം വര്‍ക്കിനായി പോയപ്പോള്‍ താനാണോ ഡിസൈനറെന്ന് പലരും ചോദിച്ചിരുന്നതായി ടീന പറയുന്നു. എം.കോം പഠനത്തിനിടയിലാണ് കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ ഡിസൈന്‍ ഷോപ്പ് തുടങ്ങിയത്. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത് അളവെടുത്ത് തയ്പ്പിച്ചു നല്‍കാവുന്ന സംരംഭമായിരുന്നു. അജു വര്‍ഗീസ്-ടീന ദമ്ബതികള്‍ അടുത്തിടെ ഒരു ബ്യൂട്ടിക് തുടങ്ങിയിരുന്നു.

മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് അജു വര്‍ഗീസ്. അജു ഇപ്പോള്‍ നടന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ്.

അജുവിന്റെ ഏറ്റവും പുതിയ ചിത്രം ഹെലനാണ്. ചിത്രത്തിലെ നായകനായ നോബിളിനെ കുറിച്ച് അജു പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു. 2002ല്‍ ചെന്നൈയില്‍ ഒരേ ബാച്ചായിരുന്നു നോബിളും അജുവും വിനീതുമെല്ലാം. അന്ന് മോഡലിങ്ങില്‍ വലിയ താല്‍പര്യം കാണിച്ച നോബിളിനെ അജു അടക്കമുള്ള സുഹൃത്തുക്കള്‍ കളിയാക്കുകയും പ്രോത്സാഹിപ്പിക്കാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 17 വര്‍ഷങ്ങള്‍ക്കിപ്പുറം നോബിള്‍ ആദ്യമായി നായകനായെത്തുന്ന സന്തോഷവും ഈ അനുഭവക്കുറിപ്പിലൂടെ അജു പങ്കുവെക്കുന്നു.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് നോബിള്‍.. നോബിള്‍ തോമസ്; ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍. 2002 ഇല്‍, മദ്രാസിലെ കെ.സി.ജി College of technology ഇല്‍ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റല്‍.

എന്റെ ഓര്‍മ ശെരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്നു തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്‍മാന്‍ ഖാന്‍ന്റെ തേരെ നാം സ്‌റ്റൈല്‍ വരെ എത്തി. പയ്യെ വണ്ണവും കുറക്കാന്‍ തുടങ്ങി. കാര്യം തിരക്കിയപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാന്‍ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിന്‍ ! അങ്ങനെ കുറച്ചു നാളുകള്‍ക്കു ശേഷം നോബിള്‍ അതില്‍ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാന്‍! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.

പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയില്‍ നായകനായി വരുകയാണ്. ഹെലന്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്.

ഒരുവ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാന്‍ അറിഞ്ഞത്, ഹെലന്‍ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന്. വീണ്ടും അവന്‍ എന്നെ ഞെട്ടിച്ചു !

2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.
വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാന്‍ കാത്തിരിക്കുന്നു.