ഒരു മണിക്കൂറിലേറെ വൈകിയോടിയ തേജസ് എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കും

മുംബൈ: തേജസ് എക്സ്പ്രസ് ഒരു മണിക്കൂറിലേറെ വൈകിയോടിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍. അഹമ്മദാബാദ്-മുംബൈ റൂട്ടിലോടുന്ന ട്രെയിന്‍ കഴിഞ്ഞ ദിവസം ഒന്നര മണിക്കൂര്‍ വൈകിയാണ് മുംബൈയില്‍ എത്തിയത്. ഇതേ തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങിയിരിക്കുന്നത്.

ട്രെയിനില്‍ യാത്ര ചെയ്ത 630 യാത്രക്കാര്‍ക്കാണ് നൂറ് രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കുക. റീഫണ്ട് പോളിസി അനുസരിച്ച്‌ യാത്രക്കാര്‍ അപേക്ഷ നല്‍കണമെന്നും പരിശോധനയ്ക്ക് ശേഷം ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഐആര്‍സിടിസി വക്താവ് അറിയിച്ചിരിക്കുന്നത്. 18002665844 എന്ന നമ്പറിലോ
[email protected] എന്ന ഇമെയിലേക്കോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Loading...

ട്രെയിന്‍ അഹമ്മദാബാദില്‍ നിന്ന് 6.42ന് രണ്ട് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. എന്നാല്‍ മുംബൈയില്‍ ഉച്ചയ്ക്ക് 1.10ന് എത്തിച്ചേരേണ്ട ട്രെയിന്‍ 2.36നാണ് മുംബൈ സെന്‍ട്രലില്‍ എത്തിയത്. ഭയന്ദര്‍, ദാഹിസര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് ട്രെയിന്‍ വൈകിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

തേജസ് എക്‌സ്പ്രസിനൊപ്പം മറ്റ് ചില സബര്‍ബന്‍, ഔട്ട് സ്റ്റേഷന്‍ ട്രെയിനുകളും സ്റ്റേഷനുകളില്‍ നിര്‍ത്തിയിട്ടു. യുപി ഫാസ്റ്റ് ലൈനിലെ ഓവര്‍ഹെഡ് എക്യുപ്മെന്റ് 12.15 ഓടെ വൈദ്യുതി പ്രവര്‍ത്തനം നിര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ താറുമാറായത്. ദാഹിസര്‍-മീര റോഡ് സ്‌റ്റേഷനുകള്‍ക്കിടയില്‍ 12.30നും മീര റോഡിനും ഭയന്ദറിനും ഇടയില്‍ ഉച്ചയ്ക്ക് 1.35നുമാണ് വൈദ്യുതി പുനസ്ഥാപിക്കാനായത്. ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള എട്ട് സബര്‍ബന്‍ സര്‍വീസുകളെങ്കിലും റദ്ദാക്കിയതായും വെസ്റ്റേണ്‍ റെയില്‍വേ വക്താവ് അറിയിച്ചു.

ട്രെയിന്‍ വൈകിയതിനാല്‍ മുംബൈ സെന്‍ട്രല്‍ വരെ സഞ്ചരിച്ച 630 ഓളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഐആര്‍സിടിസി വക്താവ് പറഞ്ഞു. ഐആര്‍സിടിസി പോളിസി അനുസരിച്ച്‌, ഒരു മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 100 രൂപയും രണ്ട് മണിക്കൂറില്‍ കൂടുതല്‍ വൈകിയാല്‍ 250 രൂപയുമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ക്ലെയിമുകളുടെ എണ്ണം അനുസരിച്ച്‌ ഏകദേശം 63,000 രൂപ കോര്‍പ്പറേഷന്‍ യാത്രക്കാര്‍ക്ക് നല്‍കേണ്ടി വരും. ഒരു ഇമെയില്‍ വഴിയോ ഫോണ്‍ കോള്‍ വഴിയോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചു. റദ്ദാക്കിയ ചെക്ക്, പിഎന്‍ആര്‍ വിശദാംശങ്ങള്‍, ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഇതോടൊപ്പം നല്‍കണം

ലഖ്‌നൗ-ഡല്‍ഹി തേജസ് എക്‌സ്‌പ്രസിന് ശേഷം വീണ്ടും സ്വകാര്യ ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഐആര്‍‌സി‌ടി‌സി. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ ട്രെയിന്‍ ജനുവരിയില്‍ ആരംഭിക്കും. അഹമ്മദാബാദ്-മുംബൈ പാതയിലായിരിക്കും പുതിയ സ്വകാര്യ ട്രെയിനിന്റെ യാത്ര. ഈ വര്‍ഷം ഒക്ടോബറില്‍ ഫ്ലാഗുചെയ്ത ഐആര്‍സിടിസി ലഖ്‌നൗ-ഡല്‍ഹി തേജസ് എക്സ്‌പ്രസിലേത് പോലെ തന്നെ യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളായിരിക്കും അഹമ്മദാബാദ്-മുംബൈ തേജസ് എക്സ്പ്രസിലും ഒരുക്കുക. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍‌സി‌ടി‌സി) മേല്‍നോട്ടത്തിലായിരിക്കും പുതിയ സ്വകാര്യ ട്രെയില്‍ സര്‍വീസ് നടത്തുക.