നിരീശ്വരവാദിയായിരുന്ന കരുണാനിധിയ്ക്കായി ക്ഷേത്രം … 30 ലക്ഷം മുടക്കി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് പേര് ‘യുക്തിവാദക്ഷേത്രം’

നാമക്കല്‍: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായിരിക്കെ മരണമടഞ്ഞ ജയലളിതയ്ക്ക് പിന്നാലെ കരുണാനിധിയുടെ പേരിലും വരുന്നു ക്ഷേത്രം. എഐഎഡിഎംകെ നേതാവ് ജയലളിത വലിയ ദൈവ വിശ്വാസി ആയിരുന്നപ്പോള്‍ ജീവിതകാലം മുഴുവന്‍ നിരീശ്വരവാദിയും ഭൗതീകവാദത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്നയാളാണ് കരുണാനിധി എന്നതാണ് ഇതിലെ കൗതുകം.

കരുണാനിധിയോടുള്ള ആദരസൂചകമായി നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന് അദ്ദേഹത്തിന്റെ വിശ്വാസം അനുസരിച്ചുള്ള പേരാണ് നല്‍കിയിരിക്കുന്നതും. ‘ഭൗതീകവാദത്തിന്റെ ക്ഷേത്രം’ എന്നാണ് പേര്.

Loading...

തമിഴ്‌നാട്ടിലെ പട്ടികജാതി വിഭാഗത്തില്‍ പെടുന്ന അരുന്ധതിയാര്‍ സമുദായമാണ് കരുണാനിധിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കുന്നത്. നാമക്കല്‍ ജില്ലയിലെ കുച്ചിക്കാടു ഗ്രാമത്തില്‍ പണികഴിപ്പിക്കാന്‍ പോകുന്ന ക്ഷേത്രത്തിന്റെ ‘ഭൂമിപൂജ’ ഇന്നലെ നടന്നു. ദളിത് സമൂഹത്തിലെ ഈ വിഭാഗം ധാരാളമായി പാര്‍ക്കുന്ന പ്രദേശമാണ് കുച്ചിക്കാട്.

കരുണാനിധിയെ ദൈവത്തിന്റെ അവതാരമായിട്ടാണ് അരുന്ധതിയാര്‍ കരുതുന്നത്. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാത്ത ഒരു ദൈവീക സാന്നിദ്ധ്യം തങ്ങള്‍ കരുണാനിധിയഇല്‍ കാണുന്നുണ്ടെന്നാണ് സമുദായ നേതാക്കള്‍ പറയുന്നത്. ദൈവത്തിന് മാത്രം നല്‍കാന്‍ കഴിയുന്ന പലതും കലൈഞ്ജര്‍ ഞങ്ങള്‍ക്ക് തന്നിരുന്നതായും ഇവര്‍ പറയുന്നു.

തമിഴ്‌നാട്ടില്‍ പട്ടികജാതിക്കാര്‍ക്കുള്ള 18 ശതമാനം സംവരണത്തില്‍ മൂന്ന ശതമാനം തൊഴില്‍ സംവരണം അരുന്ധതിയാര്‍ സമുദായക്കാര്‍ക്ക് വേണ്ടി 2009 ല്‍ നടപ്പാക്കിയത് കരുണാനിധി ആയിരുന്നു. മറ്റു ദളിത് സമുദായക്കാരെ അപേക്ഷിച്ച് ജാതിശ്രേണിയില്‍ ഏറ്റവും താഴെ നില്‍ക്കുന്നവരാണ് അരുന്ധതിയാര്‍. ഈ തൊഴില്‍ സംവരണം അവര്‍ക്ക് ഗുണകരമായിരുന്നു.

തമിഴ്‌നാടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കിടക്കുന്ന തമിഴ്ജനസമൂഹം ഇപ്പോഴും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. എന്നാല്‍ ഈ തൊഴില്‍ സംവരണം തങ്ങളുടെ കുട്ടികള്‍ക്കും എഞ്ചിനീയര്‍മാരാകാനും ഡോക്ടര്‍മാരാകാനും സ്വപ്നങ്ങള്‍ നല്‍കിയെന്നും സമുദായ നേതാക്കള്‍ പറയുന്നു.

കരുണാനിധി മരണമടഞ്ഞ ദിവസം തന്നെ അദ്ദേഹത്തിനായി ക്ഷേത്രം നിര്‍മ്മിക്കാന്‍ അരുന്ധതിയാര്‍ സമുദായം തീരുമാനം എടുത്തിരുന്നു. അന്നുമുതല്‍ പണപ്പിരിവ് നടത്തുന്ന അവര്‍ അടുത്തിടെ കുച്ചിക്കാട് ഭൂമി വാങ്ങിയിരുന്നു. ഇതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിച്ച് ഉദ്യോഗസ്ഥരെയും വെച്ചായിരുന്നു പണസ്വരൂപണം നടത്തിയത്.