ഗുരുതി തയ്യാറാക്കിയത് ചുണ്ണാമ്പിനു പകരം ബ്ലീച്ചിംങ് പൗഡറിട്ട്, ചോറ്റാനിക്കര ദേവീ ക്ഷേത്രത്തില്‍ സംഭവിച്ചത്‌

കൊച്ചി:  ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിന് ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ഗുരുതി ഭഗവതിക്ക് തര്‍പ്പണം ചെയ്യുന്നതിനു മുമ്പ് മേല്‍ശാന്തിക്ക് സംശയം തോന്നിയതുകൊണ്ടുമാത്രം അത് തര്‍പ്പണം ചെയ്തില്ല. സംഭവത്തെക്കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. സംഭവത്തിന്റെ ഗൗരവം പരിശോധിച്ചശേഷം വേണ്ടിവന്നാല്‍ അന്വേഷണം പോലീസിനെ ഏല്പിക്കാനും ആലോചനയുണ്ട്.

ഞായറാഴ്ച രാത്രി 8.30നാണ് ഗുരുതരമായ ഈ സംഭവം നടന്നത്. ക്ഷേത്രത്തില്‍ കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയില്‍നിന്ന് ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട്. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കീഴ്ക്കാവ് ഭഗവതിക്ഷേത്രത്തില്‍ ഗുരുതി വഴിപാട് 2025 വരെ ബുക്കിങ് ആയിട്ടുള്ളതാണ്.

Loading...

ക്ഷേത്രക്കിണറ്റില്‍നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായിട്ടുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുന്നതും പതിവാണ്. ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരന്‍ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിങ് പൗഡറായിരുന്നുവെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജര്‍ ബിജുകുമാര്‍ പറഞ്ഞു. ദുര്‍ഗന്ധം ഉണ്ടായിട്ടും ഖന്ധപ്പെട്ട ജീവനക്കാര്‍ വിവരം പറഞ്ഞില്ല.

മേല്‍ക്കാവ് മേല്‍ശാന്തി ടി.എന്‍. നാരായണന്‍ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോള്‍ ഓട്ടുരുളികളിലെ ഗുരുതിക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടര്‍ന്ന് തയ്യാറാക്കിയ ഗുരുതി ഉടന്‍ മാറ്റാന്‍ നിര്‍ദേശിച്ചു. അത് പൂര്‍ണമായും ഒഴിവാക്കി. താമസിയാതെ തന്നെ പുതിയതായി സാധാരണ രീതിയില്‍ ഗുരുതി തയ്യാറാക്കിയാണ് തുടര്‍ന്ന് ഗുരുതി വഴിപാട് നടത്തിയതെന്നും ദേവസ്വം മാനേജര്‍ ബിജുകുമാര്‍ പറഞ്ഞു. കീഴ്ക്കാവ് ശാന്തിയുടെ രണ്ട് ശിഷ്യരെ ജോലിയില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ട്. ദേവസ്വം ജീവനക്കാരായ തീര്‍ത്ഥമാണി, നട കാവല്‍ക്കാരന്‍, പാത്രം തേപ്പ്, സെക്യൂരിറ്റി എന്നിവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മാനേജര്‍ പറഞ്ഞു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡംഗം ശിവരാജന്‍ തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ക്ഷേത്രത്തിലെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് പ്രാഥമികാന്വേഷണം തുടങ്ങി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ആര്‍.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലന്‍സ് ഓഫീസര്‍ പറഞ്ഞു. ഗുരുതിയില്‍ ബ്ലീച്ചിങ് പൗഡര്‍ അറിയാതെ ഇട്ടതാണോ, ആരെങ്കിലും അറിഞ്ഞ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വേണ്ടിവന്നാല്‍ അന്വേഷണം പോലീസിനെ ഏല്പിക്കും