ക്ഷേത്രത്തില്‍ ഉച്ചപൂജക്ക് ശേഷം ബ്രാഹ്മണര്‍ക്ക് ‘കാല്‍ കഴുകിച്ചൂട്ടല്‍’ നടത്താന്‍ സൗകര്യമുണ്ടാരിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ 500 രൂപ (ഓണപുടവ, ദക്ഷിണ അടക്കം) മുന്‍കൂട്ടി കൗണ്ടറിലടച്ചു രശീതി വാങ്ങേണ്ടതാണ്.’
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നോട്ടീസിലെ വാചകങ്ങളാണിത്. ജൂണ്‍ രണ്ടു മുതല്‍ നാല് വരെ നടക്കുന്ന ഉത്സവം പ്രമാണിച്ചാണ് ക്ഷേത്ര കമ്മറ്റി നോട്ടീസ് ഇറക്കിയത്.
വിശ്വാസികൾ ക്ഷേത്രത്തിലെത്തി, ബ്രാഹ്മണരുടെ കാൽകഴുകി അനുഗ്രഹം വാങ്ങും. തുടർന്ന് അവർക്ക് ദക്ഷിണയും വസ്ത്രവും നൽകി പൂജിച്ച് അനുഗ്രഹം വാങ്ങുന്നതാണ് ചടങ്ങ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനവും പ്രതിഷേധവുമാണ് ഇതിനെതിരെ ഉയരുന്നത്.
ഇതൊരു പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപണം ഉയർന്നുകഴിഞ്ഞു. ഇതേപോലുള്ള സംഭവങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ്ഐയും അറിയിച്ചു.
എന്നാൽ ഇത് നിർബന്ധപൂർവ്വം നടത്തുന്ന ആചാരമല്ലെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ക്ഷേത്രത്തിൽ വർഷങ്ങളായി നടത്താറുളള ചങ്ങാണിത്. ഈ ആചാരം നടത്തണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് നിര്‍ബന്ധമില്ലെന്നും വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ചടങ്ങെന്നുമാണ് ഭാരവാഹികളുടെ വാദം.