കൊച്ചി: ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയില്‍ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് നടന്‍ സുരേഷ് ഗോപി. ക്ഷേത്രങ്ങളിലെ സ്വത്തുക്കള്‍ സംസ്ഥാനത്തിന്റെ പൊതു വികസനങ്ങള്‍ക്കായി വിനിയോഗിക്കണമെന്ന് സുരേഷ് ഗോപി. അതിന്റെ ഗുണഭോക്താക്കള്‍ ആരെന്ന് നോക്കേണ്ടതില്ല. ഹിന്ദുവായി ജനിച്ചതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ക്ഷേത്ര സ്വത്തുക്കള്‍ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ ഹിന്ദു സമൂഹത്തിന് എതിര്‍പ്പില്ലെന്ന് കേന്ദ്ര സഹമന്ത്രി പൊന്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു. രാജ്യപുരോഗതിക്കായി ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരവും മറ്റു സ്വത്തുക്കളും ഉപയോഗിക്കുന്നതില്‍ ഹിന്ദു സമൂഹത്തിന് എതിര്‍പ്പില്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
അതേസമയം, വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്ന ഒരു നടപടിയ്ക്കും സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും ക്ഷേത്രങ്ങളിലെ സ്വര്‍ണശേഖരം ആഭ്യന്തര വിപണിയില്‍ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.