അഡ്വ എസ്.സുരേഷിനെ തീവ്രവാദികൾ ലക്ഷ്യം വെച്ചതായി വെളിപ്പെടുത്തൽ, കാരണമായത് തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച

തിരുവനന്തപുരം: തീവ്രവാദികൾ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ എസ്.സുരേഷിനെ ലക്ഷ്യം വെച്ചതായി വെളിപ്പെടുത്തൽ. കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായ പ്രതികൾ കേസ് അന്വേഷിച്ച എൻഐഎ-യോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കളക്ടേറ്റ് ബോംബ് സ്‌ഫോടനക്കേസിൽ കൊല്ലം ജില്ലാ സെഷൻസ് കോടതിയിൽ മൊഴി നൽകിയ ശേഷം എസ്.സുരേഷ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൊല്ലം ഉൾപ്പെടെ കേരളത്തിലും തമിഴ്‌നാട്ടിലുമായി 5 കോടതികളിൽ നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ തീയതികൾ ഉൾപ്പെടുത്തി കൊണ്ടുള്ള സന്ദേശം എസ് സുരേഷിന് ഭീകരർ അയച്ചിരുന്നു. രാജ്യം മുഴുവൻ അക്രമം അഴിച്ചുവിടുമെന്നും കശ്മീരിലെ പട്ടാളത്തെ പൂർണ്ണമായും പിൻവലിക്കാൻ തയ്യാറാകണമെന്നുമായിരുന്നു
സന്ദേശത്തിലെ ഉള്ളടക്കം. 2016 ഒക്ടോബർ 4-നായിരുന്നു ഈ സന്ദേശം ലഭിച്ചത്.

Loading...

അതേസമയം കേസിന്റെ തെളിവുകൾ കോടതിയിൽ പറയുന്നതിനു മുമ്പ് പുറത്തു പറഞ്ഞാൽ കേസിനെ ദോഷകരമായി ബാധിക്കും, അതിനാലാണ് ഇക്കാര്യം ഇതുവരെ മിണ്ടാതിരുന്നതെന്നും സുരേഷ് പറഞ്ഞു.

ln the Name of Allah….! THE BASE MOVEMENT എന്ന ഈ മെസ്സേജ് 2016 ഒക്ടോബർ 4-ന് എന്റെ ഫോണിലേക്ക് വന്നതാണ്. അന്ന് ഞാൻ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്നു. കശ്മീരിലെ പട്ടാളത്തെ പൂർണ്ണമായും പിൻവലിക്കാൻ തയ്യാറായില്ല എങ്കിൽ ഞങ്ങൾ രാജ്യം മുഴുവൻ അക്രമം അഴിച്ചുവിടും. ചിറ്റൂർ,കൊല്ലം മൈസൂർ,നെല്ലൂർ എന്നീ കോടതികളിൽ നടത്തിയ ബോംബ് സ്ഫോടനങ്ങളുടെ തീയതികളും ആണ് മെസ്സേജിൽ കൊടുത്തിരിക്കുന്നത്. ഇതുകൂടാതെ ആ കാലഘട്ടത്തിൽ എനിക്കെതിരെ ഭീഷണികളും ഇത്തരത്തിലുള്ള സംഘടനകളിൽ നിന്ന് ഉണ്ടായിരുന്നു. എൻഐഎ, കേരള പോലീസ് എന്നിവർ നടത്തിയ അന്വേഷണത്തെ തുടർന്ന് പ്രതികളെ പിടിച്ചിരുന്നു. അതിൽ കൊല്ലം കോടതി വളപ്പിൽ നടന്ന ബോംബ് സ്ഫോടന കേസിലാണ് പതിനാറാം സാക്ഷിയായി എന്നെ വിസ്തരിച്ചത്. സുരക്ഷാ കാരണങ്ങളാലും ഭീകരവാദവുമായി ബന്ധപ്പെട്ട കേസിന്റെ തെളിവുകൾ കോടതിയിൽ പറയുന്നതിനു മുമ്പ് പുറത്തു പറയുന്നത് കേസിനെ ദോഷകരമായി ബാധിക്കും എന്നുള്ളതുകൊണ്ടുമാണ് കഴിഞ്ഞ ആറു വർഷത്തിലേറെയായി ഞാൻ ഇത് പറയാതിരുന്നത്.

‘ഇന്നലെ കോടതിയിൽ വിസ്താരം കഴിഞ്ഞ് പത്ര ദൃശ്യ മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്ന് ഏറെ അന്വേഷണങ്ങൾ വന്നതുകൊണ്ടാണ് ഇപ്പോൾ ഇതെഴുതാൻ കാരണം. ഈ മെസ്സേജ് വന്നശേഷം എൻഐഎ നിർദ്ദേശാനുസരണം ഞാൻ കേരള പോലീസിന്റെ സുരക്ഷാ നിരീക്ഷണത്തിൽ ആയിരുന്നു. ദൈനംദിന പോലീസ് പെട്രോളിം​ഗ് ബീറ്റ് ബോക്സ് എന്റെ വീട്ടിൽ സ്ഥാപിച്ചിട്ടുണ്ട്. 2016 സെപ്റ്റംബർ 25-ന് കോഴിക്കോട് കടപ്പുറത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിജിയും അന്നത്തെ പാർട്ടി പ്രസിഡന്റ് അമിത് ഷാജിയും മറ്റു മുതിർന്ന കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പങ്കെടുത്ത വേദിയിൽ എന്നെ പ്രസംഗകനാക്കിയതും കേരള അസംബ്ലിയിൽ തിരുവനന്തപുരത്തു നിന്ന് ആദ്യ ബിജെപി എംഎൽഎ ജയിച്ചതും, ബിജെപി തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയതുമാണ് എന്നെ ലക്ഷ്യം വെയ്‌ക്കാൻ കാരണമെന്ന് പ്രതികൾ പറഞ്ഞതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ ഞാൻ തന്നെ ആശ്ചര്യപ്പെട്ടു.! രാജ്യ സുരക്ഷയുടെ കാര്യത്തിൽ കാണിക്കേണ്ട ഗൗരവവും സംഘടന നേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ച് ഇതിനുമുമ്പ് ആരോടും പറഞ്ഞില്ല എന്നേ ഉള്ളൂ. ക്ഷമിക്കുക, എല്ലാവർക്കും സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാകുമല്ലോ’- എസ്.സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.