ജയ്ഷെ ഭീകരർ ഡൽഹിയിൽ എത്തിയെന്ന് മുന്നറിയിപ്പ്… അതീവ ജാഗ്രത, റെയ്‌ഡ്

ന്യൂഡൽഹി:ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പ്രതികാരമായി ആക്രമണങ്ങൾ നടത്താൻ ജയ്ഷെ മുഹമ്മദ് ഭീകര സംഘം ഡൽഹിയിൽ എത്തിയെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാനത്തെമ്പാടും സുരക്ഷ ശക്തമാക്കി.

നിരവധി സ്ഥലങ്ങളിൽ സുരക്ഷാ ഏജൻസികൾ റെയ്‌ഡുകൾ നടത്തുകയാണ്.രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദുർഗ്ഗാ പൂജ, രാംലീല ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നാണ് സൂചന.

Loading...

പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്നലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറിയും, ഇന്റലിജൻസ് മേധാവിയും യോഗത്തിൽ പങ്കെടുത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരെയും പാക് ഭീകരർ ഉന്നമിട്ടിട്ടുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു. മൂന്നോ നാലോ ഭീകരർ അടങ്ങുന്ന ജയ്ഷെ സംഘം ഡൽഹിയിൽ എത്തിയെന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസിലെ സ്‌പെഷൽ സെല്ലിന് രഹസ്യവിവരം കിട്ടിയത്.