മലയാളി തീവ്രവാദി കസ്റ്റഡിയില്‍.. പോലീസ് പുറത്ത് തെരഞ്ഞപ്പോള്‍ തീവ്രവാദി നേരെ കോടതിയിലേയ്ക്ക്.. ഒപ്പമുണ്ടായിരുന്ന സ്ത്രീയും കസ്റ്റഡിയില്‍

കൊച്ചി: ശ്രീലങ്കയില്‍ നിന്നും ആറു ലഷ്‌കറെ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ തെരയുന്ന മലയാളി കോടതിയില്‍ ഹാജരായി. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹിം ആണ് നേരിട്ട് കോടതിയില്‍ എത്തിയത്.

കോടതിയില്‍ ഇയാളുടെ അപേക്ഷ പരിഗണിക്കുന്നതിനിടെ പോലീസ് ഇയാളെ ബലമായി കസ്റ്റഡിയിലെടുത്തു. കേരള,തമിഴ്‌നാട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് കോടതി മുറിയില്‍ നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയത്.

Loading...

തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരയുന്ന പശ്ചാത്തലത്തിലാണ് തന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ കോടതിയില്‍ എത്തിയതെന്നും കീഴടങ്ങാന്‍ തയ്യാറാണെന്നും പറഞ്ഞിരുന്നു. താന്‍ ഒരു മാസം മുന്‍പാണ് ബഹ്‌റിനിലേക്ക് പോയതെന്നും അവിടെ ഒരു കമ്പനിയില്‍ തടവിലായിരുന്ന സ്ത്രീയെ ആണ് താന്‍ മോചിപ്പിച്ചുകൊണ്ടുവന്നതെന്നൂം അതിന്റെ പേരിലുള്ള പ്രതികാരമാണ് തനിക്കെതിരായ കേസെന്നും അബ്ദുള്‍ ഖാദര്‍ ഒരു ചാനലിനോട് പ്രതികരിച്ചു.

അതേസമയം, ബഹ്‌റിനില്‍ വച്ചും സിഐഡി തന്നെ ചോദ്യം ചെയ്തിരുന്നുവെന്നും ഇയാള്‍ പറയുന്നു.

ഇന്നലെ ആലുവയിലെ ഗ്യാരേജില്‍ ജോലിയിലായിരിക്കുമ്പോഴാണ് തീവ്രവാദികള്‍ കടന്നുവെന്ന വാര്‍ത്ത ഒരാള്‍ മൊബൈലില്‍ അയച്ചുതന്നത്. ഇതുകണ്ട് പോലീസ് സ്‌റ്റേഷനില്‍ എത്തി വിവരം തിരക്കാന്‍ ആലോചിച്ചു. ഈ സമയം കെട്ടിടത്തിനു സമീപം മഫ്തിയില്‍ പോലീസിനെ കണ്ടു.

അതോടെയാണ് തനിക്ക് ആശങ്ക വര്‍ധിച്ചതും കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിച്ച് കീഴടങ്ങാന്‍ തീരുമാനിച്ചതും ഇല്യാസ് അന്‍വര്‍ എന്ന പാകിസ്താനിയെ തനിക്കറിയില്ല. തനിക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് ആരോപിക്കുന്ന വ്യക്തി ബഹ്‌റിനിലെ നയതന്ത്ര കാര്യാലയത്തില്‍ ഉദ്യോഗസ്ഥനാണെന്നും അയാള്‍ പാകിസ്താനിയല്ല, ബഹ്‌റിന്‍ പൗരനാണെന്നും അബ്ദുള്‍ ഖാദര്‍ റഹിം പറയുന്നു.

അബ്ദുള്‍ ഖാദറിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബഹ്‌റൈനില്‍ നിന്നും രണ്ടു ദിവസം മുന്‍പാണ് അബ്ദുള്‍ ഖാദര്‍ കൊച്ചിയിലെത്തിയത്. തമിഴ്‌നാട്ടിലേക്ക് കടന്നുകയറിയ ഭീകരരില്‍ അബ്ദുള്‍ ഖാദറും ഉണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്നലെ ഇയാളുടെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ പോലീസ് തെരച്ചില്‍ നടത്തിയിരുന്നു.

ഭീകരര്‍ക്ക് സഹായം ചെയ്തുവെന്ന് കരുതുന്ന ആറു പേരെ തിരുവാരൂരിലെ മുത്തുപ്പേട്ടയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തിരുന്നു. ആഗസ്റ്റ് 28 മുതല്‍ സെപ്തംബര്‍ എട്ടു വരെ രാജ്യത്ത് പലയിടത്തും ഭീകരാക്രമണത്തിന് ഇവര്‍ പദ്ധതിയിടുന്നുവെന്നായിരുന്നു രഹസ്യാന്വേഷണ മുന്നറിയിപ്പ്.

ശ്രീലങ്കയില്‍ നിന്നും ബോട്ട്മാര്‍ഗം അനധികൃതമായി തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞുകയറിയ സംഘം പിന്നീട് കോയമ്പത്തൂരിലേക്ക് പോയതായാണ് വിവരം. സംഘത്തിലെ ഒരാള്‍ പാക് പൗരനായ ഇല്യാസ് അന്‍വറാണെന്നും മറ്റൊരാള്‍ അബ്ദുള്‍ ഖാദര്‍ ആണെന്നുമായിരുന്നു റിപ്പോര്‍ട്ട്.