കൊച്ചി: കൊച്ചിയിലെ ജൂതപ്പള്ളി തകർക്കാനെത്തിയ സിമി ഭീകരൻ അലാം ജെബ് അഫ്രീഡി(37) ബോംബുണ്ടാക്കാൻ പഠിച്ചത് അൽക്വയ്ദയുടെ ഓൺലൈൻ മാസിക വഴി. ബംഗളുരു സ്‌ഫോടനക്കേസിൽ പിടിയിലായ ഇയാളെ എൻ.ഐ.എ. ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെട്ടത്.

വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചും ബോംബുണ്ടാക്കാമെന്ന അൽ ക്വയ്ദയുടെ മാസികയിലെ ലേഖനമാണ് ഇയാളെ ആകർഷിച്ചത്. നേരത്തേ എൻ.ഐ.എ. കോടതിയിൽ ഹാജരാക്കിയപ്പോൾ ഇയാൾ കോടതിയെ കബളിപ്പിച്ചു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. 20 പാരസെറ്റാമോൾ ഗുളികൾ കഴിച്ചെന്നും ഉടൻ മരിക്കുമെന്നുമാണു കോടതിയിൽ പറഞ്ഞത്. പിന്നീട് ബ്ലേഡ് വിഴുങ്ങിയെന്ന് അവകാശപ്പെട്ടു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇതെല്ലാം കളവാണെന്നു തെളിഞ്ഞു. ആശുപത്രിയിലേക്കു പോകുംവഴി രക്ഷപ്പെടാനാണ് ഇയാൾ കോടതിയിൽ കള്ളം പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്നാൽ, കനത്ത സുരക്ഷവലയം രക്ഷപ്പെടലിനു വിലങ്ങുതടിയായി.

ഇതിനിടെ അഫ്രീഡി കൊച്ചിയിലും മൂന്നാറിലും ദിവസങ്ങളോളം തങ്ങിയിരുന്നതായി എൻ.ഐ.എ സ്ഥിരീകരിച്ചു. ബംഗളുരു സ്‌ഫോടനക്കേസിൽ പിടിയിലാവുന്നതിനു തൊട്ടുമുമ്പ് ഇയാൾ മൂന്നാറിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നു കൊച്ചിയിലെത്തിയ അഫ്രീഡി, മട്ടാഞ്ചേരിയിൽ അടുത്ത സ്‌ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. അഫ്രീഡിക്ക് സംസ്ഥാനത്ത് സഹായം നൽകിയവരുടെ വിവരങ്ങളും എൻ.ഐ.എ ശേഖരിക്കുന്നുണ്ട്. അഫ്രീഡിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു.

2007ൽ വാഗമണിൽ നടന്ന സിമി ക്യാമ്പിനും ഇയാൾ നേതൃത്വം കൊടുത്തിരുന്നു. നിരോധനത്തിനുശേഷവും കേരളത്തിൽ സിമി പ്രവർത്തകരുടെ സാന്നിധ്യം എൻ.ഐ.എ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 29 നാണ് അഫ്രീഡി എൻ.ഐ.എയുടെ പിടിയിലായത്. അഹമ്മദാബാദ് സ്‌ഫോടനക്കേസിലും ബംഗളുരുവിലെ ഇസ്രയേൽ വിസ സെന്റർ ആക്രമണക്കേസിലും ഇയാൾ പ്രതിയാണ്.നിരോധനശേഷം ആലുവ കേന്ദ്രീകരിച്ചു സിമി ക്യാമ്പ് നടന്നതായി എൻ.ഐ.എ. വൃത്തങ്ങൾ അറിയിച്ചു. ഇതേതുടർന്ന് എൻ.ഐ.എ. സംസ്ഥാനത്ത് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സിമിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണെന്നാണു വിവരം. 2013 ഒക്‌ടോബറിൽ ആലുവയിൽ നടന്ന സിമി ക്യാമ്പിൽ പങ്കെടുത്ത അഞ്ചുപേർ ഇപ്പോൾ മധ്യപ്രദേശിലെ ജയിലിലാണ്.

ജൂതൻമാരെ ആക്രമിക്കുന്നത് ലക്ഷ്യമിട്ട് കൊച്ചിയിലെത്തിയ അലാം ജെബ് അഫ്രീഡി ജൂതകുടുംബങ്ങളുടെ കണക്കെടുത്തിരുന്നു. രാജ്യത്താകമാനമുള്ള ജൂതൻമാരെ ആക്രമിക്കാൻ സിമി പ്രവർത്തകർ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ ഭാഗമായി മട്ടാഞ്ചേരി ജൂതപ്പള്ളിയിൽ ബോംബ് സ്‌ഫോടനം നടത്താനാണു ഉദ്ദേശം. കഴിഞ്ഞ സെപ്റ്റംബറിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി കൊച്ചിയിൽ താമസമാക്കിയ 31 ജൂത കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിച്ചെങ്കിലും ഇവർ താമസിക്കുന്ന പ്രദേശങ്ങൾ ക്യാമറ നിരീക്ഷണത്തിലായതിനാൽ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്നും അഫ്രീഡി മൊഴി നൽകി.