മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ലഖ്‌വിയെ പാകിസ്ഥാന്‍ കോടതി മോചിപ്പിച്ചു

ഇസ്‌ലാമാബാദ്‌: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍മോചിതനായി. ലാഹോര്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിച്ചതിനെ ത്തുടര്‍ന്നാണു ലഖ്‌വി ജയിലില്‍നിന്നു പുറത്തിറങ്ങിയത്‌. ജയില്‍മോചിതനായ ലഖ്‌വിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായാണു വിവരം.

വ്യാഴാഴ്‌ചയാണു ലാഹോര്‍ കോടതി ലഖ്‌വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്‌. ലഖ്‌വിയെ നിയമവിരുദ്ധമായാണു തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന നിരീക്ഷണത്തോടെയായിരുന്നു ലഖ്‌വിയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്‌.

Loading...

മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്‌വി അറസ്‌റ്റിലായത്‌. പിന്നീടു മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം കിട്ടിയ ലഖ്‌വിയെ മെയിന്റനന്‍സ്‌ ഓഫ്‌ പബ്ലിക്‌ ഓര്‍ഡര്‍(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജയിലില്‍ അടച്ചു.

എന്നാല്‍, ഇസ്‌ലാമാബാദ്‌ ഹൈക്കോടതി പ്രസ്‌തുത ഉത്തരവ്‌ റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തില്‍ ലഖ്‌വിയെ വിട്ടയയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌തു. എന്നാല്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു ലഖ്‌വിയെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ലാഹോര്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്‌.