നുഴഞ്ഞുകയറ്റത്തിന് മത്സ്യത്തൊഴിലാളികളെ മറയാക്കി പാക് തീവ്രവാദികൾ: ലക്ഷ്യം കേരള തീരം

കൊച്ചി: ബലാക്കോട്ട് ആക്രമണത്തിനു പകരം ചോദിക്കാൻ പാക് തീവ്രവാദികൾ സമുദ്രമാർഗം നുഴഞ്ഞു കയറ്റത്തിന്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ തീര പ്രദേശങ്ങൾ ലക്ഷ്യമിട്ട് തീവ്രവാദികൾ കടൽമാർഗം യാത്ര ചെയ്യുന്നതായി ദേശീയ അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ തന്നെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ തീര പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയിരുന്നു.

കടൽമാർഗം പാകിസ്താൻ സൈനിക നീക്കം നടത്താനുള്ള സാധ്യത കണക്കിലെടുത്താണ് തീര പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയത്. എന്നാൽ സൈനിക നീക്കത്തിനു പകരം തീവ്രവാദികളെ രാജ്യത്തിലേക്ക് പ്രവേശിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായിട്ടാണ് ഇപ്പോൾ റിപ്പോർട്ട്.

Loading...

ബലാക്കോട്ട് ആക്രമണത്തിനു പിന്നാലെ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കാൻ പാക് സൈനികർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഡ്രോൺ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തിക്കുള്ളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാനുള്ള നീക്കവും ഇന്ത്യൻ സേന തകർത്തിരുന്നു. ഇതോടെയാണ് തീവ്രവാദികളെ രാജ്യത്തെത്തിച്ച് ആക്രമണം നടത്തുമെന്ന സൂചനകൾ പുറത്തു വരുന്നത്.

അതിർത്തികളിൽ സുരക്ഷ ശക്തമായതിനാൽ സമുദ്രമാർഗം രാജ്യത്തിലെത്താനുള്ള സാധ്യതയാണ് ദേശീയ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നത്. മത്സ്യത്തൊഴിലാളികളെ ഇതിനായി മറയാക്കാനുള്ള സാധ്യതയുമുണ്ട്. ഇന്ത്യൻ തീരത്തു നിന്നും പുറപ്പെട്ട മത്സ്യത്തൊഴിലാളികൾ പാകിസ്താൻ കസ്റ്റഡിയിലുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇവരെ മറയാക്കി തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറാനുള്ള സാധ്യതയുമുണ്ട്. സുരക്ഷ കുറവായ കേരള തീരം നുഴഞ്ഞു കയറ്റത്തിനുപയോഗിക്കാനുള്ള സാധ്യതയുമുണ്ട്. ഇതിനാൽ ഹാർബറുകളിൽ നിരീക്ഷണം ശക്തമാക്കാൻ ദേശീയ ഏജൻസികൾ തീരദേശ പൊലീസിനു നിർദേശം നൽകിയിട്ടുണ്ട്.