കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കുക.. അമീബ തലച്ചോറിലെത്തി; ബാലികയ്ക്കു ദാരുണാന്ത്യം

ടെക്സസ്: പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ അമീബ ബാധയുണ്ടായെന്നു സംശയിക്കുന്ന ടെക്‌സസില്‍ നിന്നുള്ള പത്തുവയസ്സുകാരി ലിലി അവാന്റ് ആശുപത്രിയില്‍ മരിച്ചു. ഏറെ അപകടകാരിയായ നെയ്‌ഗ്ലേറിയ ഫൗലേറി എന്ന, തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമീബയാണ് കുട്ടിയെ ബാധിച്ചത്. 97 ശതമാനം മരണനിരക്കുള്ള രോഗത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍.

പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാകാം അമീബ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിയത് എന്നാണു കുടുംബം കരുതുന്നത്. ഈ വാദത്തെ പൂര്‍ണമായി തള്ളിക്കളയാന്‍ ഡോക്ടര്‍മാരും തയാറായില്ല. പ്രൈമറി അമീബിക് മെനിഞ്ചോഎന്‍സഫലൈറ്റിസ് എന്ന അസുഖമാണ് ലിലിയെ ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. മൂക്കിലൂടെയാകും അമീബ ശരീരത്തില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. ഇത്തരം അമീബകള്‍ സാധാരണമാണെങ്കിലും ഇത്തരത്തിലുള്ള രോഗബാധ അസാധാരണമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സെപ്റ്റംബര്‍ രണ്ടിന് അവധിക്കു വാക്കോ നഗരത്തിനടുത്തെ ബോസ്‌ക് കൗണ്ടിയിലെ വിറ്റ്‌നി തടാകത്തിലും ബ്രാസോസ് പുഴയിലും ലിലി നീന്തിക്കുളിച്ചിരുന്നു. സെപ്റ്റംബര്‍ എട്ടാം തീയതി രാത്രിയോടെ ലിലിക്ക് കടുത്ത തലവേദനയും പനിയും ആരംഭിച്ചു. വൈറല്‍ പനിയാണെന്ന ധാരണയില്‍ ചികിത്സ ആരംഭിച്ചുവെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് അമീബ ബാധ ശ്രദ്ധയില്‍പെട്ടത്.

അസുഖം ബാധിച്ച ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ പതിനെട്ട് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നാണ് കരുതുന്നത്. സാധാരണ ചെറുചൂടുള്ള ശുദ്ധജലത്തില്‍ കാണുന്ന ഈ അമീബ എങ്ങനെയാണ് ലിലി അവാന്റിന്റെ ശരീരത്തില്‍ പ്രവേശിച്ചുവെന്നതിനു കൃത്യമായ ഉത്തരം നല്‍കാന്‍ കഴിയാതെ വിഷമിക്കുകയാണ് ഡോക്ടര്‍മാര്‍.

നെയ്‌ഗ്ലേറിയ ഫൗലേറി അമീബ ബാധ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുകയും വൈകാതെ തന്നെ മരണം സംഭവിക്കുകയും ചെയ്യുന്നതിനാല്‍ തലച്ചോര്‍ തിന്നുന്ന അമീബ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. പെണ്‍കുട്ടിക്കു മരുന്ന് നല്‍കി കോമ സ്റ്റേജിലാക്കിയാണ് ചികിത്സ പോലും നടത്തിയിരുന്നത്. നെയ്‌ഗ്ലേറിയ ഫൗലേറി അമീബ ബാധയുണ്ടായ ഏതാനും പേരെ മാത്രമേ ഇതുവരെ രക്ഷിക്കാന്‍ സാധിച്ചിട്ടുള്ളൂവെന്നും ഡോക്ടര്‍മാര്‍ പറയുന്നു