ഡ്രൈവിങിനിടെ ടെക്‌സ്‌റ്റിങ്‌ നിരോധനം: ടെക്‌സാസ്‌ സെനറ്റ്‌ അംഗീകരിച്ചു

ഓസ്‌റ്റിന്‍: ടെക്‌സാസ്‌ സംസ്‌ഥാനത്ത്‌ വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്‌സ്‌റ്റിങ്‌ നിരോധിച്ചു കൊണ്ടുളള ബില്ലിന്‌ സെനറ്റിന്‍െറ അംഗീകാരം.

മാര്‍ച്ച്‌ 25 ന്‌ ടെക്‌സാസ്‌ സെനറ്റില്‍ മുന്‍ ഹൌസ്‌ സ്‌പീക്കറും മിഡ്‌ലാന്റില്‍ നിന്നുളള റിപ്പബ്ലിക്ക്‌ അംഗവുമായ ടോം ക്രാഡിക്ക്‌ അവതരിപ്പിച്ച ബില്ലിന്‌ അനുകൂലമായി 102 വോട്ട്‌ ലഭിച്ചപ്പോള്‍ 40 പേര്‍ എതിര്‍ത്ത്‌ വോട്ട്‌ രേഖപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ്‌ സെനറ്റ്‌ ഭൂരിപക്ഷത്തോടെ ബില്‍ അംഗീകരിച്ചത്‌.

Loading...

ടെക്‌സ്‌റ്റിങ്‌ നിരോധനം വ്യക്‌തി സ്വാതന്ത്ര്യതിനു കൂച്ച്‌ വിലങ്ങിടുന്നതാണെന്നും, ഏതൊരു വാഹനത്തേയും കാരണം കൂടാതെ കൈ കാണിച്ചു നിര്‍ത്തുന്നതിന്‌ പൊലീസിന്‌ കഴിയുമെന്നും ബില്ലിനെ എതിര്‍ക്കുന്നവര്‍ വാദിച്ചു.

2011 ല്‍ സംസ്‌ഥാന വ്യാപകമായി നിരോധനം അംഗീകരിച്ചു കൊണ്ടുളള നിയമം അന്നത്തെ ഗവര്‍ണ്ണറായിരുന്ന റിക്ക്‌ പെറി വീറ്റോ ചെയ്‌തിരുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തന്നെ പുതിയ ഗവര്‍ണ്ണര്‍ ഗ്രോഗ്‌ ഏബട്ട്‌ ഈ ബില്ലിനെ വീറ്റോ ചെയ്യുമോ എന്ന്‌ പറയാന്‍ സമയമായിട്ടില്ലാ എന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നു.

വാഹനം ഓടിക്കുന്നതിനിടയില്‍ ടെക്‌സ്‌റ്റിങ്‌്‌ നടത്തുന്നതു ഡ്രൈവറുടെ ശ്രദ്ധ പതറുന്നതിനും, അതു മൂലം അപകടം സംഭവിക്കുന്നതിനു സാധ്യത വളരെ കൂടുതലായതിനാല്‍ ടെക്‌സ്‌റ്റിങ്‌ നിരോധിക്കണമെന്ന്‌ അഭിപ്രായത്തിനു തന്നെയാണ്‌ മുന്‍തൂക്കം.