കണ്ണൂര്‍: പോലീസ് ഡംപിങ് യാര്‍ഡിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ മുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു.
തളിപ്പറമ്പ്-ശ്രീകണ്ഠാപുരം പാതയില്‍ വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ ഇന്ന് രാവിലെ 11.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. മൂന്നുമണിക്കൂറിന് ശേഷമാണ് തീ അണക്കാനായത്. വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്നത്. ഒട്ടേറെ ലോറികളും കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തീപിടിത്തത്തിൽ കത്തിയമർന്നു.
ഡംപിങ് യാര്‍ഡിന് സമീപത്തെ മൊട്ടക്കുന്നിലാണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും തീപടരുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകള്‍ എത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. പലവാഹനങ്ങളിലെയും ഇന്ധനടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങളും ദുഷ്‌കരമായിരുന്നു
ഇവിടെ തീപിടിത്തം ഉണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാരും പരാതിപ്പെട്ടു. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് മൂന്നുമാസം മുന്‍പ് അഗ്നിരക്ഷാസേന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.