വ്യത്യസ്തമായ സമരമുറകള്‍: തമിഴ്നാട്ടില്‍ താലിയഴിക്കല്‍ സമരം

ചെന്നൈ: സമരങ്ങള്‍ പലവിധം. ഫീഫ് ഫെസ്റ്റിവല്‍ സമരത്തിനു പിന്നാലെ താലിയഴിക്കലും. ലിംഗ സമത്വമെന്ന ആശയം ഇന്നയിച്ച്‌ ചെന്നൈയില്‍ താലി അഴിക്കല്‍ സമരം. ദ്രാവിഡ കഴകം പാര്‍ട്ടിയുടെ നേതൃത്വത്തിലാണ്‌ സമരം നടത്തിയത്‌. സമരത്തിന്‌ മദ്രാസ്‌ ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും കോടതി ഉത്തരവ്‌ വരുന്നതിന്‌ മുന്‍പ്‌ സമരം നടത്തി. താലിയുടെ ആവശ്യകത ചര്‍ച്ച ചെയ്‌ത് ചാനലിന്‌ നേരെ കഴിഞ്ഞ മാസം ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ ദ്രവിഡ കഴകം പാര്‍ട്ടി താലി അറുക്കല്‍ സമരവും ബീഫ്‌ ഫെസ്‌റ്റിവല്‍ സമരവും പ്രഖ്യാപിച്ചത്‌.

എന്നാല്‍ സമരത്തിനെതിരെ ഹിന്ദു മുന്നണി അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. ഇതേതുടര്‍ന്ന്‌ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി സമരത്തിന്‌ പോലീസ്‌ അനുമതി നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ച്‌ ദ്രാവിഡ കഴകം ഇന്നലെ രാത്രി പത്ത്‌ മണിയോടെ അനുകൂല വിധി നേടിയെടുത്തു. സിംഗിള്‍ ബെഞ്ച്‌ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇന്ന്‌ രാവിലെ പത്ത്‌ മണിയോടെ സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌ ഡിവിഷന്‍ ബെഞ്ച്‌ സ്‌റ്റേ ചെയ്‌തു.

Loading...

എന്നാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌ വരുന്നതിന്‌ മുന്‍പേ സംഘടന സമരം നടത്തുകയായിരുന്നു. 10 മണിക്ക്‌ പ്രഖ്യാപിച്ചിരുന്ന സമരം രാവിലെ ഏഴ്‌ മണിക്ക്‌ തന്നെ നടത്തി. 21 ദമ്പതികള്‍ സമരത്തില്‍ പങ്കെടുത്തു. താലി അഴിച്ചു കളഞ്ഞ സ്‌ത്രീകള്‍ ലിംഗനീതിക്കായി പ്രതിജ്‌ഞയുമെടുത്തു. സമരം കഴിഞ്ഞാണ്‌ കോടതി ഉത്തരവുമായി പോലീസ്‌ എത്തിയത്‌.