കൊല്ലം: തിരുവനന്തപുരത്തേക്കുള്ള അവസാന ട്രെയിനായ വേണാട് എക്‌സ്പ്രസും കടന്നുപോയപ്പോൾ സ്റ്റേഷൻ പൊതുവേ വിജനമായിരുന്നു പരവൂർ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോം. ഈ നിശബ്ദയിലാണ് തീർത്തും അപരിചിതനായ ഒരു വ്യക്തി സുഹൃത്തിനൊപ്പമിരുന്ന് പാട്ടുപാടിയത്. സന്ധ്യ മയങ്ങിയ നേരത്ത് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലിരുന്നു താളംപിടിച്ച് നുറുങ്ങുഗാനം പാടിയ കുഞ്ഞുമനുഷ്യനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

മുത്തേ, പൊന്നേ പിണങ്ങല്ലേ…. എന്തേ കുറ്റം ചെയ്തു ഞാൻ…. എന്ന പാട്ട് അൽപ്പം ഉച്ചത്തിലായപ്പോൾ അത് ആരുടെയൊക്കെയോ ചെവിയിലുടക്കി. എവിടെയോ കേട്ടുമറഞ്ഞ ശബ്ദം. അവർ അടുത്തെത്തിയപ്പോൾ അക്ഷരാർഥത്തിൽ അമ്പരന്നു. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ നുറുങ്ങ് പാട്ടിലൂടെ മലയാളിയുടെ ഹരമായി മാറിയ സാക്ഷാൽ തമ്പാനൂർ സുരേഷ് കൺമുമ്പിൽ. ആരാധകർ ചുറ്റും കൂടിയിട്ടും സുരേഷ് പാട്ട് നിർത്തിയില്ല… മുത്തേ പൊന്നേ പിണങ്ങല്ലേ…….

Loading...

കഴിഞ്ഞദിവസം കൊല്ലത്ത് നടന്ന കലാഭവൻ മണി അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് വേണാട് എക്‌സ്പ്രസിൽ തിരുവനന്തപുരത്തേക്ക് പോയ സുരേഷ് യാദൃശ്ചികമായാണ് പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. ട്രെയിനിൽ വച്ച് പരിചയപ്പെട്ട പത്രപ്രവർത്തക സുഹൃത്തുമായി സംസാരിച്ചിരക്കവേ ട്രെയിൻ മയ്യനാട് എത്തിയപ്പോൾ സുരേഷിന്റെ സുഹൃത്ത് അഡ്വ.സജി തങ്കപ്പന്റെ ഫോൺ വിളിയെത്തി.

ട്രെയിൻ മയ്യനാട് വിട്ടു എന്നു പറഞ്ഞപ്പോൾ അടുത്ത സ്റ്റേഷനായ പരവൂരിൽ ഇറങ്ങാനുള്ള സജിയുടെ നിർദേശത്തിന് സുരേഷ് എതിരു പറഞ്ഞില്ല. അങ്ങനെയാണ് തമ്പാന്നൂരുകാരൻ പരവൂരിന്റെ പടിയിറങ്ങിയത്. മേൽപ്പാലമിറങ്ങി പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോൾ പരിചയക്കാരന് ഒരാഗ്രഹം. ആറാംക്ലാസുകാരി മകൾ ഗൗരിലക്ഷ്മിക്ക് സുരേഷ് അങ്കിളിന്റെ പാട്ട് കേൾക്കണം. ഗൗരിയെ ഫോണിൽ വിളിച്ച് സുരേഷ് സംസാരിച്ചു. പിന്നെ പാട്ടുതുടങ്ങി. പാട്ടുപാടി തീർന്നപ്പോൾ സുരേഷിന്റെ വക ഉപദേശവും മോളേ നന്നായി പഠിക്കണം.

തുടർന്ന് ചുറ്റും കൂടി നിന്നവരുമായി സൗഹൃദ സംഭാഷണം. ദേവരാഗത്തിന്റെ രാജശിൽപ്പി ജി.ദേവരാജൻ മാസ്റ്റർ അന്ത്യവിശ്രമം കൊള്ളുന്നത് പരവൂർ റെയിൽവേ സ്റ്റേഷന് അൽപ്പം അകലെയാണെന്ന് പറഞ്ഞപ്പോൾ സുരേഷിന് അത്ഭുതം. ദേവരാജൻ മാസ്റ്റർ വടക്കൻ പറവൂർ സ്വദേശിയാണെന്നാണ് ആ നിമിഷം വരെയും സുരേഷ് വിശ്വസിച്ചിരുന്നത്.

എങ്കിൽ ദേവരാജ സ്മൃതിമണ്ഡപം പോയി കാണാമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ മുനിസിപ്പൽ നെഹ്‌റു പാർക്ക് അടച്ചുപോയതിനാൽ അതിന് സാധിച്ചില്ല. പിന്നീട് റെയിൽവേ സ്റ്റേഷനിൽ കയറി സ്റ്റേഷൻ മാസ്റ്ററെയും സഹപ്രവർത്തകരെയും നേരിൽകണ്ട് പരിചയപ്പെട്ടു. തന്റെ അച്ഛന് റെയിൽവേയിലായിരുന്നു ജോലി എന്ന് സുരേഷ് പറഞ്ഞപ്പോൾ അവർക്കും അത്ഭുതമായി.

ആക്ഷൻ ഹീറോ തമ്പാനൂർ സുരേഷ് അവർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. പരിചയപ്പെട്ടവർക്കെല്ലാം സ്‌നേഹവും ചെറുചിരിയും സമ്മാനിച്ച് സുരേഷ് സുഹൃത്തിന്റെ കാറിലേക്ക് കയറി. എല്ലാവരെയും കൈവീശി യാത്രയാകുംമുമ്പ് സുരേഷ് പറഞ്ഞുഒരു ദിവസം ഞാൻ വരും ദേവരാജകുടീരം സന്ദർശിക്കാൻ. അന്ന് കാതോട് കാതോരം കഥകൾ പറയാം, അതുവരെ മുത്തേ പൊന്നേ പിണങ്ങല്ലേ……..