പ്രമുഖ തമിഴ് ടെലിവിഷന്‍ ചാനല്‍പരിപാടിയില്‍ പങ്കെടുത്ത മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു; മരണത്തിന് കാരണം നടി ലക്ഷ്മി രാമകൃഷ്ണനെന്ന് മക്കള്‍

ചെന്നൈ പ്രമുഖ തമിഴ് ടെലിവിഷന്‍ ചാനല്‍പരിപാടിയില്‍ പങ്കെടുത്ത മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയിലൂടെ അവതാരക ലക്ഷ്മി രാമകൃഷ്ണന്‍ നാഗപ്പനെ അപമാനിച്ചെന്നും അതില്‍ മനംനെന്താണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സീ ടിവിയുടെ തമിഴ്ചാനലിലെ ‘സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയിലാണ് നാഗപ്പന്‍ പങ്കെടുത്തത്. ദാമ്പത്യ പ്രശ്‌നങ്ങളാണ് ചാനല്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പ്രശ്‌നവുമായി ബന്ധപ്പെട്ടവര്‍ ക്യാമറയ്ക്കു മുന്നില്‍ അവതാരകയോട് പറയുന്നു. പിന്നീട് ആ പ്രശ്‌നവുമായി ബന്ധമുള്ളവരും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നു. പിന്നീട് നിങ്ങളെക്കുറിച്ച് ചില ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടെന്നും നിങ്ങള്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും ചോദിക്കും. ദൃശ്യങ്ങള്‍ പകര്‍ത്തില്ലെന്ന് പറഞ്ഞ് പ്രത്യേക മുറിയില്‍ കൊണ്ടുപോയി ഒരു പേപ്പറില്‍ കയ്യൊപ്പും വാങ്ങും. ഇത് പരിപാടിയില്‍ സംപ്രേക്ഷണം ചെയ്യിലെന്നും ഇവരോട് പരിപാടിയുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് ചാനലുകാര്‍ ചെയ്യുന്നത്. സംപ്രേക്ഷണം ചെയ്തതെന്തിനാണെന്ന് ചോദിച്ചാല്‍ നിങ്ങളുടെ അനുമതി നല്‍കി ഒപ്പിട്ടു നല്‍കിയിട്ടുണ്ടെന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം.

ഇത്തരമൊരു അനുഭവമാണ് നാഗപ്പനുമുണ്ടായത്. നാഗപ്പന്‍ ഭാര്യയോട് പിണങ്ങി ഭാര്യ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു. രണ്ട് മക്കളുടെ അച്ഛനായ നാഗപ്പന്‍ സ്വന്തം മകളോട് മോശമായി

പെരുമാറിയെന്നും പരിപാടിയില്‍ ആരോപിക്കപ്പെട്ടു. ഇത് സംപ്രേക്ഷണം ചെയ്തതോടെ അപമാനിതനായ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നാഗപ്പന്റെ മരണത്തിന് കാരണം ‘സൊല്‍വതെല്ലാം ഉണ്‍മൈ’ എന്ന പരിപാടിയാണെന്ന് മകള്‍ ആദിയും മകന്‍ മണികണ്ഠനും ആരോപിച്ചു.
കുടുംബത്തിലെ സാധാരണ പ്രശ്‌നങ്ങളെ പെരുപ്പിച്ചു കാണിച്ച് ലക്ഷ്മി രാമകൃഷ്ണന്‍ ജഡ്ജിയെപോലെ ഉത്തരവിടുകയാണെന്ന് അടുത്ത ബന്ധുക്കളിലൊരാളും ആരോപിച്ചു.