തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബം​ഗളൂരു: തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 21,184 ആയി. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചെന്നൈയിൽ മാത്രം ഇന്ന് 616 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോ​ഗബാധിതരുടെ എണ്ണം 13,980 ആയി.

അതേസമയം, കർണാടകത്തിൽ ഇന്ന് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 2922 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോ​ഗം ബാധിച്ച് ഇന്ന് ഒരാൾ കൂടി കർണാടകത്തിൽ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി.

Loading...

അതേസമയം മഹാരാഷ്ട്രയിൽ 116 പേർ ഇന്ന് കോവിഡ് മരിച്ചു. 2682 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 62228. ആകെ മരണം 2098. കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സന്തോഷ്കുമാർ മുംബൈയിലെത്തി. അന്ധേരിയിൽ ആയിരത്തിലേറെ കിടക്കകളുള്ള കോവിഡ് സ്പെഷൽ ആശുപത്രി സെവൻ ഹിൽസ് സന്ദർശിച്ച അദ്ദേഹം ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ധാരാവിയിൽ 41 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തിൽ 2 പൊലീസുകാർ കൂടി മരിച്ചു. ഇതോടെ മുംബൈയിൽ മരിച്ച പൊലീസുകാരുടെ എണ്ണം 16. മുംബൈയിൽ അഗ്‍നിശമന സേനാംഗം കോവിഡിനെത്തുടർന്നു മരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായവർക്കും രോഗികളെ ശുശ്രൂഷിക്കുന്നവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തും.