സ്വപ്ന സുരേഷ് എന്റെ മരുമകളല്ല, പ്രചരിക്കുന്നത് വ്യാജവാർത്ത: തമ്പാനൂര്‍ രവി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയായ സ്വപ്‌ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തില്‍ നടക്കുന്ന പ്രചാരണം വ്യാജമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി. ഇതിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് തമ്പാനൂർ രവി പരാതി നൽകി. സ്വപ്നാ സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്ന് നേരത്തെ തമ്പാനൂർ രവി ഫേസ്ബുക്കിൽ കുറിച്ചു. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്സുലേറ്റ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകൾ ആണ് എന്ന തരത്തിൽ ചില സൈബർ സഖാക്കൾ പ്രചാരണം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങൾ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാൻ നടത്തുന്ന ശ്രമമായി ആണ് ഞാൻ ഇതിനെ കാണുന്നത്. ഇത്തരത്തിൽ വ്യാജ വാർത്തകൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചവർക്ക് എതിരെ ഡിജിപിക്ക് പരാതി നൽകി നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് തമ്പാനൂർ രവി ഫേസ്ബുക്കിൽ വ്യക്തമാക്കി.

Loading...

തനിക്ക് രണ്ട് മക്കളാണുള്ളത്. മകള്‍ ലക്ഷമി അക്‌സഞ്ചര്‍ കമ്പനിയില്‍ സീനിയര്‍ മാനേജറായി ബെംഗളൂരുവില്‍ ജോലി നോക്കുന്നു. മരുമകന്‍ വിവേക് വിപ്രോയിലും. മകന്‍ അനില്‍ രവി തിരുവനന്തപുരത്ത് കെആര്‍റ്റിഎല്‍ ജോലി നോക്കുന്നു. അവന്റെ ഭാര്യയും തന്റെ മരുമകളുമായ വിദ്യ ടെക്‌നോപാര്‍ക്കില്‍ അലയിന്‍സ് എന്ന കമ്പനിയിലുമാണ് ജോലി ചെയ്യുന്നത്. ഇതാണ് വസ്തുത എന്നിരിക്കെയാണ് തെറ്റായ വാര്‍ത്ത സമൂഹമാധ്യമം വഴി വ്യാപകമായി പ്രചരിപ്പിക്കുന്നത്. തന്നെയും കുടുംബത്തേയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ് ഇത്തരമൊരു വ്യാജ ആരോപണം. തെറ്റായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേയും കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഡിജിപിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി.