തിരുവനന്തപുരം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ പ്രതി മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു.
താമിർ ജിഫ്രി എന്ന ചെറുപ്പക്കാരനെ കസ്റ്റഡിയിൽ വെച്ച് മർദിച്ചു കൊലപ്പെടുത്തിയത് ഗുരുതരമായ കുറ്റമാണെന്ന് ചെന്നിത്തല പറഞ്ഞു. അയാൾ ചെയ്ത കുറ്റത്തെ ന്യായീകരിക്കാനൊന്നും ഞാനില്ല. പക്ഷെ കസ്റ്റഡിയിൽ മർദിച്ചു കൊലപ്പെടുത്താൻ പോലീസിനാരാണ് അനുവാദം നൽകിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കസ്റ്റഡി മരണമുണ്ടാകുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അതനുസരിച്ചുളള നടപടികളെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല. കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തിരുത്തിയെഴുതാൻ പോലീസ് ശ്രമിക്കുന്നു. കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ ആന്തരികാവയവങ്ങളിൽ 27 പരിക്കുകളുണ്ട്. അദ്ദേഹത്തിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസ് കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.