ബലാല്‍സംഗത്തിന് ലൈംഗികതയുമായി ബന്ധമില്ല, തസ്ലിമ നസ്രിന്‍

കൊച്ചി: ബലാല്‍സംഗം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യമല്ലെന്ന് പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍. ബലാല്‍സംഗ പുരുഷാധിപത്യവും അധികാരവുമായി ബന്ധപ്പെട്ട വിഷയമാണ് . കൃത്യമായും കീഴ്പ്പെടുത്തലിന്റെ ആയുധമാണത്. കാലാകാലങ്ങളായി പുരുഷന്‍ അത് ഉപയോഗിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

‘1971ല്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമര കാലത്ത് രണ്ടു ലക്ഷത്തിലധികം ബംഗ്ലാദേശി വനിതകള്‍ പാകിസ്താന്‍ സൈനികരാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. ചരിത്രത്തില്‍ സമാനമായ മറ്റു സന്ദര്‍ഭങ്ങളിലും ഇത്തരം ഉദാഹരണങ്ങള്‍ കാണാം’ -ഇത് മാറാനുള്ള വഴി ആണുങ്ങളുടെ അധികാരം കുറയുകയും സ്ത്രീകള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്യുകയെന്നതാണ്.

ഒരു ഇരയെന്ന നിലയിലുള്ള അനുഭവങ്ങള്‍ പറയുന്ന തന്റെ ആത്മകഥയുട ആദ്യ രണ്ടു ഭാഗങ്ങള്‍ കീഴ്പ്പെടുത്തലിന്റെ കഥകളായിരുതിനാല്‍ അവയെ എല്ലാവരും സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് താന്‍ ജീവിതത്തില്‍ കരുത്തും ധൈര്യവും നേടി വിവേചനങ്ങള്‍ക്കെതിരേ നിലകൊണ്ടതെന്നും എങ്ങനെ ലൈംഗികത ആസ്വദിച്ചെന്നും എഴുതിയ മൂന്നാംഭാഗത്തില്‍ എഴുതിയപ്പോള്‍ എല്ലാവരും അതിനെതിരേ തിരിഞ്ഞു, തസ്ലിമാ നസ്രിന്‍ പറഞ്ഞു.

ബലാല്‍സംഗം ചെയ്യപ്പെടുന്നതിന്റെ പേരില്‍ ലോകമെങ്ങും കുറ്റപ്പെടുത്തപ്പെടുന്നത് സ്ത്രീകളാണ്. അവരുടെ വസ്ത്രധാരണം, പൊതുവേദികളിലെ പെരുമാറ്റം ഇതെല്ലാം വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ ബലാല്‍സംഗം തീര്‍ത്തും ആണുങ്ങളുടെ മാത്രം പ്രശ്നമാണ്. ആണുങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുക മാത്രമാണ് ബലാല്‍സംഗങ്ങള്‍ കുറയ്ക്കാനുള്ള പോംവഴി.

വിവാഹജീവിതത്തിലെ ബലാല്‍സംഗം കുറ്റകരമാക്കാത്തതില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭരണകൂടങ്ങളെ തസ്ലിമ വിമര്‍ശിച്ചു. വ്യഭിചാരത്തില്‍പ്പോലും സെക്സിനേക്കാളധികം ഹിംസയാണുള്ളത്. ഭൂരിപക്ഷം ആണുങ്ങളും പെണ്ണുങ്ങളെ അടിമകളും ലൈംഗിക ഉപകരണങ്ങളും പ്രസവയന്ത്രങ്ങളും മാത്രമായി കാണുന്നു. സത്യത്തില്‍ അടിമകളെ ജീവിതപങ്കാളികളാക്കുന്നതിനേക്കാള്‍ ആണുങ്ങള്‍ക്ക് നല്ലത് തുല്യതയുള്ളവരെ ജീവിതപങ്കാളികളാക്കുന്നതാണെന്നും തസ്ലിമ പറഞ്ഞു.

നിര്‍ഭാഗ്യവശാല്‍ ഒരു വനിതാ മുഖ്യമന്ത്രിയായ മമത ബാനര്‍ജിപോലും ബലാല്‍സംഗ ഇരകള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ചുകൊണ്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് മരണശിക്ഷ നല്‍കുന്നത് ബലാല്‍സംഗങ്ങളുടെ എണ്ണം കുറയ്ക്കില്ല. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ബലാല്‍സംഗങ്ങളുടെ എണ്ണം കുറയാനേ ഉപകരിക്കൂ- തസ്ലിമ പറഞ്ഞു.