വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം നഗരസഭ പൊളിച്ചു

തിരുവനന്തപുരം. വിവാദമായ തിരുവനന്തപുരം ശ്രീകാര്യം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന്‍ പൊളിച്ച് നീക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുരിച്ച് മാറ്റി പകരം ഒരാള്‍ക്ക് വീതം ഇരിക്കുവാന്‍ കഴിയുന്ന മൂന്ന് ബെഞ്ചാക്കി മാറ്റിയിരുന്നു. ഇത് വലിയ വിവാദമായി. വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ നിരവധി പ്രമുഖരാണ് വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തിയത്.

അതേസമയം അന്ന് വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശിച്ച മേയര്‍ ലിംഗസമത്വം ഉറപ്പാക്കുന്ന വിധത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് നടപ്പായില്ല. ജൂലൈയിലാണ് സംഭവം ഉണ്ടാകുന്നത്. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതിനെ തുടര്‍ന്ന് ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

Loading...

എന്നാല്‍ പ്രതിഷേധം നടന്ന് ഒരുമാസം കഴിയുമ്പോഴും മേയര്‍ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ല. സംഭവത്തില്‍ വിദ്യാര്‍ഥികളും സ്ഥലത്തെ റസിഡന്‍സ് അസോസിയേഷനും രണ്ട് തട്ടിലായി നിന്നതോടെ ആധുനികരീതിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് മേയറുടെ വാക്കും നടന്നില്ല. തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം നാട്ടുകാര്‍ വീണ്ടും നവീകരിച്ചു. വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി വരച്ച ചിത്രങ്ങളും എഴുതിയ മുദ്രാവാക്യങ്ങളും പെയിന്റടിച്ച് മറയ്ക്കുകയും ചെയ്തിരുന്നു.