റോബോട്ടിക് സാങ്കേതിക വിദ്യയുള്ള ഗൾഫിലെ ആദ്യ ലൈബ്രറി

അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുള്ള ഗൾഫിലെ ആദ്യ ലൈബ്രറിയായ ദുബായ് മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലേക്ക് വ്യാഴാഴ്ച മുതൽ പൊതുജനങ്ങൾക്ക് പ്രവേശിക്കാം. ഇവിടെയുള്ള 10 ലക്ഷം പുസ്തകങ്ങളിൽനിന്ന് വായനക്കാരന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാൻ മിനിറ്റുകൾ മതിയാകും. വായനക്കാർക്ക് വേറിട്ട വായാനാനുഭവം സമ്മാനിക്കാൻ സാധ്യമായ എല്ലാ സാങ്കേതിക മികവുകളും ഇവിടെ ഒരു കുടക്കീഴിലുണ്ട്.

റോബോട്ട് പുസ്തകം കണ്ടെത്തിക്കഴിഞ്ഞാൽ കൗണ്ടറിനു മുകളിലായി ആവശ്യപ്പെട്ട പുസ്തകത്തിൽ തത്സമയം ലൈറ്റ് പ്രകാശിക്കും. അതിനുശേഷം വായനശാല ജീവനക്കാരൻ പുസ്തകം റോബോട്ടിക് വാഹനത്തിൽ വെക്കുകയും ഒരു മോണോ റെയിലിലൂടെ സഞ്ചരിച്ച് റോബോട്ട് പുസ്തകം വിവരകേന്ദ്രത്തിൽ എത്തിക്കുകയും ചെയ്യും. സവിശേഷതകൾ ഏറെയുള്ള ലൈബ്രറിയിൽ ലോകത്തെ ഏറ്റവും പഴയതും അപൂർവവുമായ പുസ്തകങ്ങളുടെ ശേഖരം, കൈയെഴുത്തുപ്രതികൾ, അറബ് ലോകത്തും പുറത്തുമുള്ള അപൂർവ അറബി ആനുകാലികങ്ങൾ തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.

Loading...

ഒരൊറ്റ ക്ലിക്കിലൂടെ ആവശ്യമായ പുസ്തകം വായനക്കാരന്റെ കൈകളിലെത്താൻ റോബോട്ട് സഹായിക്കും. ഇതിനായി ഗ്രന്ഥശാലയിലെ വിവരകേന്ദ്രത്തിൽ അപേക്ഷിച്ച് ഒരല്പസമയം കാത്തിരുന്നാൽ മതി. നിർമിതബുദ്ധിയിലൂന്നിയാണ് ഈ ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. 54,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള എം.ബി.ആർ.എല്ലിൽ ഒൻപത് ഉപലൈബ്രറികളും വിവരകേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. 100 കോടി ചെലവിട്ട് ഏഴു നിലകളിലായി നിർമിച്ച വായനശാലയിൽ നിശ്ചയദാർഢ്യമുള്ളവർക്കായി പ്രത്യേക സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള ഓട്ടോ ബുക്ക് സ്റ്റോറേജിൽ സാങ്കേതികവിദ്യയുടെ ഒരു അദ്‌ഭുതലോകം തന്നെയാണ് കാത്തിരിക്കുന്നത്.