രണ്ടാം ദിവസമായ ഇന്നും ദിലീപിനെ ചോദ്യം ചെയ്യും; നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ ദിലീപിനെ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന്റെ രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരുന്നത്. ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, ബാബു ചെങ്ങമനാട്, അപ്പു എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് ആദ്യദിവസത്തെ ചോദ്യം ചെയ്യലിൽ ദിലീപിന്‍റേതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്.അഞ്ച് പൊലീസ് സംഘങ്ങളാണ് അഞ്ച് പ്രതികളേയും വേവ്വേറെ ഇരുത്തി മൊഴിയെടുക്കുന്നത്.ഈ മൊഴികളിലെ വൈരുദ്ധ്യം മുൻ നിർത്തിയാകും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ.എസ്പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിൽ ആണ് മൊഴി എടുക്കൽ.

Loading...

ദിലീപ് ചോദ്യം ചെയ്യലുമായി സഹകരിച്ചെന്ന് എസ് പി മോഹനചന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാൽ വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്‍റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്. സൂരജ്, ബൈജു, അപ്പു എന്നിവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിജിറ്റൽ തെളിവുകളുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും എസ്പി പറഞ്ഞു.

ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന സർക്കാരിൻറെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ തുടരന്വേഷണം വേണമെന്നാണ് സർക്കാർ വാദം.ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ,
സി.ടി. രവി കുമാർ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.