ഷാജെഹാന്‍പുര്‍: യുപിയില്‍ പൊള്ളലേറ്റുമരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജഗേന്ദ്ര സിംഗിന്റെ അവസാന മൊഴി പുറത്ത്. ‘അവര്‍ എന്തിനുവേണ്ടിയാണ് എന്നെ കത്തിച്ചത്? മന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും എന്നോട് പകവീട്ടുകയായിരുന്നില്ലേ? അവര്‍ക്ക് എന്നെ തല്ലാമായിരുന്നില്ലേ? എന്തിനായിരുന്നു എന്നെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്?’
മൊഴിയെടുക്കാനെത്തിയ മജിസ്‌ട്രേറ്റിനുമുമ്പില്‍ വച്ച് അദ്ദേഹം മൊഴിനല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിംഗ് മരിച്ച ജൂണ്‍ എട്ടിനാണ് ഈ മൊബൈല്‍ദൃശ്യവും പകര്‍ത്തിയിരിക്കുന്നത്.
”എന്തിനാണവര്‍ ഇങ്ങനെ ചെയ്തത്? മന്ത്രിക്കും അയാളുടെ ഗുണ്ടകള്‍ക്കും എന്നെ അറസ്റ്റു ചെയ്താല്‍ പോരായിരുന്നോ. ജീവനോടെ എന്നെ കത്തിക്കണമായിരുന്നോ എന്ന സിംഗിന്റെ ദീനരോദനമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ രാം മൂര്‍ത്തിവര്‍മയുടെ അഴിമതി കഥകള്‍ പത്രത്തില്‍ എഴുതുകയും ഇവ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിനുള്ള പ്രതികാര നടപടിയായിരുന്നു സംഭവമെന്ന് കരുതപ്പെടുന്നു. ജൂണ്‍ ഒന്നിന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നതിനിടെയാണ് സംഭവം.
ടി.വി 24 ന്യൂസിലെ ബ്യൂറോ ചീഫായ സുനില്‍ കുമാര്‍ ശര്‍മ്മ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. ശരീരമാസകലം പൊള്ളലേറ്റ് ആശുപത്രിയിലെത്തിയ അദ്ദേഹം വേദനകൊണ്ടു പുളയുന്നത് ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ കാണാം.