അടുത്ത 25 വര്‍ഷം നിര്‍ണായകം; അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ടുവച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി. സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വികസിത ഇന്ത്യക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തിലാണ് പുതിയ ആശയം മോദി മുന്നോട്ട് വച്ചത്.

രാജ്യത്തിന്റെ വളര്‍ച്ചയില്‍ അടുത്ത 25 വര്‍ഷങ്ങള്‍ നിര്‍ണ്ണായകമാണെന്ന് പറഞ്ഞ മോദി വളര്‍ച്ചയ്ക്കായി അഞ്ച് പ്രതിജ്ഞകള്‍ മുന്നോട്ട് വയ്ക്കുകയായിരുന്നു.വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കല്‍, പൈതൃകത്തില്‍ അഭിമാനിക്കുക, ഏകത, പൗരധര്‍മ്മം എന്നിവയാണ് പ്രധാനമന്ത്രി മോദി മുന്നോട്ട് വച്ച അഞ്ച് പ്രതിജ്ഞകള്‍.

Loading...

രാജ്യം നേരിട്ട വെല്ലുവിളികളിലും മുന്നേറ്റമാണ് രാജ്യത്തിന് ഉണ്ടായത്. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാന്‍മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചുവെന്ന് മോദി പറഞ്ഞു.

സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുവാന്‍ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദയയോടെയെന്നും. 75 വര്‍ഷം സുഖദുഖ സമ്മിശ്രമായിരുന്നുവെന്നും, നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറണം എന്നും അദ്ദേഹം പറഞ്ഞു.